ചരിത്രമുറങ്ങുന്ന മണ്ണിലൂടെ പൈതൃകയാത്ര; ജിദ്ദ ഹിസ്റ്റോറിക് ഹജ്ജ് റൂട്ട് സന്ദർശകർക്കായി തുറന്നു
ജിദ്ദ: സൗദിയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചരിത്രനഗരമായ ജിദ്ദയിൽ ഹിസ്റ്റോറിക് ഹജ്ജ് റൂട്ട് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. പഴയകാലത്തെ ഹജ്ജ് യാത്രകളുടെ സ്മരണകൾ ഉണർത്തുന്ന തരത്തിലാണ് ഈ പാത സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയത്. ചരിത്രപ്രസിദ്ധമായ ബാബ് അൽ ബിന്തിൽ ആരംഭിച്ച് ബാബ് മക്കയിൽ അവസാനിക്കുന്ന തരത്തിലാണ് പാത. പുരാതന കാലം മുതൽ വിശുദ്ധ നഗരമായ മക്കയിലേക്കുള്ള പ്രധാന പ്രവേശന കവാടമെന്ന നിലയിൽ ജിദ്ദ വഹിച്ച സുപ്രധാന പങ്കിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. യാത്രയ്ക്കിടയിൽ അൽ ഷൂന പുരാവസ്തു കേന്ദ്രം, ഉസ്മാൻ ഇബ്‌നു അഫ്ഫാൻ മസ്ജിദ്, ബൈത് നസീഫ്, അൽ അലവി മാർക്കറ്റ് തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങളും പള്ളികളും സന്ദർശിക്കാൻ സാധിക്കും. ചരിത്രപരമായ സ്ഥലങ്ങളെ അവയുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ആധുനികമായ രീതിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സാംസ്‌കാരിക മന്ത്രാലയം ഇതിലൂടെ ശ്രമിക്കുന്നത്.