ഒക്ടോബറിൽ സൗദിയിൽ നിന്നുള്ള എണ്ണയിതര കയറ്റുമതി 32.3% വർധിച്ചു

കണക്ക് പുറത്തുവിട്ട് GASTAT

Update: 2025-12-25 15:46 GMT

റിയാദ്: 2025 ഒക്ടോബറിൽ സൗദിയിൽ നിന്ന് റീ എക്‌സ്‌പോർട്ടടക്കമുള്ള എണ്ണയിതര കയറ്റുമതി 32.3% വർധിച്ചു. തുടർന്ന് കയറ്റുമതി 33.88 ബില്യൺ റിയാലിലെത്തി (9.03 ബില്യൺ ഡോളർ). ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. റീ എക്‌സ്‌പോർട്ട് ഒഴികെയുള്ള ദേശീയ എണ്ണയിതര കയറ്റുമതി ഒക്ടോബറിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4 ശതമാനം വർധിച്ചു.

റീ എക്‌സ്‌പോർട്ട് ഉൾപ്പെടെയുള്ള എണ്ണ ഇതര കയറ്റുമതി-ഇറക്കുമതി അനുപാതം 2025 ഒക്ടോബറിൽ 42.3 ശതമാനമായി വർധിച്ചു. 2024 ഒക്ടോബറിൽ 33.4 ശതമാനമായിരുന്നിത്. എണ്ണ ഇതര കയറ്റുമതിയിൽ 32.3 ശതമാനം വർധനയും ഇറക്കുമതിയിൽ 4.3 ശതമാനം വർധനവും ഉണ്ടായതാണ് 2025 ഒക്ടോബറിലെ വർധനവിന് കാരണം.

യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാർട്‌സുകൾ എന്നിവയാണ് എണ്ണ ഇതര കയറ്റുമതിയിൽ കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എണ്ണ ഇതര ഉൽപ്പന്നങ്ങൾ സൗദി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. 14.68 ബില്യൺ റിയാലാണ് മൊത്തം കയറ്റുമതി. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 11.37 ബില്യൺ റിയാലിന്റെ സാധനങ്ങളാണ് ഇവിടേക്ക് അയക്കുന്നത്. ഇന്ത്യ 10.25 ബില്യൺ റിയാൽ, ജപ്പാൻ 8.37 ബില്യൺ റിയാൽ, ദക്ഷിണ കൊറിയ 7.37 ബില്യൺ റിയാൽ എന്നിങ്ങനെ തൊട്ടുപിറകിലുള്ള ഇതര രാജ്യങ്ങളുടെ കണക്ക്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News