ഹജ്ജിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ച; നിറഞ്ഞ് ഇരു ഹറമുകളും
ലക്ഷത്തിലേറെ ഇന്ത്യൻ ഹാജിമാർ ഹറമിലെത്തി, തുണയായി മലയാളി സന്നദ്ധ വളണ്ടിയർമാർ
മക്ക:ഹജ്ജിനു ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മക്ക മദീന ഹറമുകൾ നിറഞ്ഞു കവിഞ്ഞു. മക്കയിൽ ഒരു ലക്ഷത്തിലേറെ ഇന്ത്യൻ ഹാജിമാർ പ്രാർഥനയിൽ പങ്കെടുക്കാനെത്തി. നിയന്ത്രണങ്ങൾ എല്ലാം ഒഴിവായതോടെ 10 ലക്ഷത്തിലേറെ തീർഥാടകരാണ് ഇന്ന് ജുമുഅയിൽ പങ്കെടുക്കാൻ എത്തിയത്. ഹറം പള്ളി നിറഞ്ഞ് തിരക്ക് റോഡുകളിലേക്ക് നീണ്ടു. 1,15,000 ത്തിലേറെ ഇന്ത്യൻ തീർഥാടകർ ഹറമിലെത്തി. വൈകുന്നേരത്തോടെയാണ് ഹാജിമാർ താമസസ്ഥലത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജിദ്ദ വഴി തുടരുന്നുണ്ട്.
45 ഡിഗ്രി ചൂടായിരുന്നു ഇന്ന് മക്കയിൽ. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ വളണ്ടിയർമാരും വഴിനീളെ സേവനത്തിനിറങ്ങി. വിവിധ സംഘടനകളുടെ വളണ്ടിയർമാരാണ് സേവനത്തിന് ഇറങ്ങിയത്. ഹറമിനും പരിസരത്തും ഹാജിമാർക്ക് ആശ്വാസമായിരുന്നു ഇവരുടെ പ്രവർത്തനം. കുദായ് പാർക്കിങ്ങിലും ക്ലോക്ക് ടവർ ബസ് സ്റ്റാൻഡിലും അജ്‌യാദിലുമാണ് വളണ്ടിയർമാർ സേവനത്തിന് ഇറങ്ങിയത്. കടുത്ത ചൂടിനെ അവഗണിച്ചും പ്രവർത്തകർ ഹാജിമാർക്ക് സഹായങ്ങൾ നൽകി. വെള്ളം, ജ്യൂസ്, കുട തുടങ്ങിയവ ഹാജിമാർക്ക് വളണ്ടിയർമാർ വിതരണം ചെയ്തു. വനിതകളും കുട്ടികളും സേവനത്തിനുണ്ടായിരുന്നു. അവസാന ഹാജിയും ഹറമിൽ നിന്ന് മടങ്ങുന്നതുവരെ സേവനങ്ങൾ തുടർന്നു.