സൗദി ലീഗിലെ വിവിധ മത്സരങ്ങളുടെ ഷെഡ്യൂളുകളിൽ മാറ്റം

ക്ലബ്ബുകൾക്ക് വിശ്രമവും തയ്യാറെടുപ്പും ഉറപ്പാക്കുന്നതിനാണ് നടപടി

Update: 2026-03-30 11:49 GMT

റിയാദ്: സൗദി പ്രോ ലീഗിലെ നിവിലെ സീസണിലെ വിവിധ മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ്, ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2, ഗൾഫ് ക്ലബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന സൗദി ക്ലബ്ബുകൾക്ക് ആവശ്യമായ വിശ്രമവും തയ്യാറെടുപ്പും ഉറപ്പാക്കുന്നതിനാണ് നടപടി. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരമൊരുക്കാനുമാണ് ലീഗ് ഈ തീരുമാനമെടുത്തത്.

ലീഗിലെ 28ാം വാരത്തിൽ നടക്കേണ്ടിയിരുന്ന മൂന്ന് പ്രധാന മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്. അൽ ഷബാബ് vs അൽ ഇത്തിഹാദ്, അൽ ഖലീജ് vs അൽ ഹിലാൽ, അൽ അഹ്‌ലി vs അൽ ഫത്തേഹ് എന്നീ മത്സരങ്ങളാണ് മാറ്റിയത്. ഏപ്രിൽ 10, 11 തീയതികളിൽ നടക്കേണ്ടിയിരുന്ന ഈ കളികളുടെ പുതുക്കിയ തീയതി കിങ് കപ്പ് ഫൈനൽ തീയതി പ്രഖ്യാപിച്ച ശേഷം മാത്രമേ തീരുമാനിക്കൂ. കൂടാതെ 29ാം വാരത്തിലെ അൽ ഫയ vs അൽ അഹ്‌ലി, അൽ ഹിലാൽ vs അൽ ഖൊലൂദ്, അൽ ഇത്തിഹാദ് vs നിയോം എന്നീ മത്സരങ്ങൾ ഏപ്രിൽ 7ന് പകരം ഏപ്രിൽ 8ലേക്ക് മാറ്റിയിട്ടുണ്ട്.

മറ്റു ചില മത്സരങ്ങളുടെ സമയക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് 2ൽ കളിക്കുന്ന അൽ നസ്ർ, ഗൾഫ് ക്ലബ് ചാമ്പ്യൻഷിപ്പിലുള്ള അൽ ഷബാബ് എന്നീ ടീമുകളുടെ മത്സരങ്ങൾ നേരത്തെയാക്കി. ഇതനുസരിച്ച് അൽ ഖാദിസിയ vs അൽ ഷബാബ് മത്സരം ഏപ്രിൽ 14നും, അൽ നസ്ർ vs അൽ ഇത്തിഫാഖ് പോരാട്ടം ഏപ്രിൽ 15നും നടക്കും. ക്ലബ്ബുകളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News