സൗദി വിപണി കീഴടക്കി ചൈനീസ് കാറുകൾ; സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും ഡിമാന്റ്
ചൈന,അമേരിക്ക, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യുന്നത്.
സൗദി വിപണിയിൽ ഒന്നാമതായി ചൈനീസ് കാർ നിർമാണക്കമ്പനികൾ. ജപ്പാനെ മറികടന്നാണ് ചൈനയുടെ നേട്ടം. വാഹനങ്ങളുടെ വില വർധിച്ചതാണ് ഉപഭോക്താക്കൾ ചൈനീസ് വാഹനങ്ങൾ തെരഞ്ഞെടുക്കാൻ കാരണമായത്. സെക്കൻഡ് ഹാൻഡ് കാറുകൾക്കും സൗദി വിപണിയിൽ ഡിമാന്റ് തുടരുകയാണ്.
സൗദിയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യുന്നത് അഞ്ചു രാജ്യങ്ങളിൽ നിന്നാണ്. ചൈന, അമേരിക്ക, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ്. ഈ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് 5,68,461 കാറുകളാണ്. ഇതിൽ 2,38,744 കാറുകൾ ചൈനയിൽ നിന്നായിരുന്നു. ഇതോടെ സൗദിയിൽ ഏറ്റവും കൂടുതൽ കാറുകളെത്തിച്ച രാജ്യമായി ചൈന മാറി. വിപണിയിലേക്കെത്തിച്ച 42 ശതമാനം കാറുകളും ചൈനയുടേതെന്ന് ചുരുക്കം.
രണ്ടാം സ്ഥാനത്ത് ജപ്പാനാണ്. കഴിഞ്ഞ വർഷം 28 ശതമാനം കാറുകൾ ഇവിടെ നിന്നാണെത്തിയത്. അതായത് ഒന്നര ലക്ഷം. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിൽ 84,157 കാറുകൾ സൗദിയിലെത്തിച്ചു. നാലാം സ്ഥാനത്തുള്ള അമേരിക്ക നിന്ന് 63,507 കാറുകളും. 2018ൽ സൗദികൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയതോടെ വൻ ഡിമാൻന്റാണ് കാറുകൾക്ക് വന്നത്. കോവിഡെത്തിയതോടെ ഇറക്കു മതി കുറഞ്ഞു. അതോടെ സെക്കന്റ് ഹാന്റ് വാഹനങ്ങൾക്കും ഡിമാന്റേറി. കോവിഡ് കഴിഞ്ഞപ്പോൾ വാഹന ഇറക്കുമതിക്കുള്ള ചിലവേറിയത് കാർ വിലയിൽ പ്രതിഫലിച്ചു. ഇതോടെ ചൈനീസ് കാറുകൾക്കാണ് വിപണിയിലിപ്പോൾ പ്രിയം.