Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദി അറേബ്യയിൽ അഴിമതി ആരോപണത്തിന്റെ പേരിൽ 160 സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സൗദി ആന്റി കറപ്ഷൻ അതോറിറ്റി(നസാഹ). കഴിഞ്ഞ മെയ് മാസം മാത്രം അതോറിറ്റി നടത്തിയ 2,365 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി. ഹജ്ജ് സീസണിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളും വിവിധ ഹജ്ജ് സേവന ഏജൻസികളും ലക്ഷ്യമാക്കി 15,000ത്തിലധികം പരിശോധനകളും അധികൃതർ പൂർത്തിയാക്കി. പരിശോധനകളിൽ 480 പേരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. സസ്പെൻഷനിലായ ചില
ഉദ്യോഗസ്ഥരെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി-ഭവന നിർമാണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്ലാമിക കാര്യ-ദഅ്‌വ മന്ത്രാലയം, സകാത്ത് ആൻഡ് ടാക്സ്-കസ്റ്റംസ് അതോറിറ്റി എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നസാഹ ചുമത്തിയിരിക്കുന്നത്.