കാണികൾക്കുനേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോക്കെതിരായ വിലക്ക് അവസാനിച്ചു

സൗദി പ്രോ ലീഗിന് പരാതി ലഭിച്ചതോടെയായിരുന്നു താരത്തിനെതിരെ നടപടിയുണ്ടായത്.

Update: 2024-03-01 19:23 GMT
Advertising

റിയാദ്: കാണികള്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഇന്നലെ അൽ നസ്റിന്റെ മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് ഇറങ്ങാനായിരുന്നില്ല. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാം. ഇരുപതിനായിരം റിയാൽ പിഴയും ക്രിസ്റ്റ്യാനോക്ക് ചുമത്തിയിരുന്നു.  അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോയുടെ നടപടിയിൽ വ്യാപക പ്രതിഷേധം സൗദിയിലെ മത്സര ആസ്വാദകരിൽ നിന്നും ഉയർന്നിരുന്നു. 

കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിനു ശേഷമായിരുന്നു സംഭവം. മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് താരം അശ്ലീല ആംഗ്യം കാണികൾക്കെതിരെ ഉയർത്തിയത്. സൗദി പ്രോ ലീഗിന് പരാതി ലഭിച്ചതോടെ ഒരു മത്സരം വിലക്കും 20,000 റിയാല്‍ പിഴയും വിധിച്ചു. ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചിരുന്നില്ല. എന്നാൽ ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

വിലക്കിനെതിരെ അപ്പീല്‍ സാധ്യമായിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ വിലക്കിന് ശേഷം അൽ ഹസം ടീമിന് എതിരെയായിരുന്നു ഇന്നലെ അൽ നസ്റിന്റെ മത്സരം. രണ്ട് ഗോളിന് അൽ നസ്ർ വിജയിച്ചു. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ നസ്‍ര്‍, അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. പെനാല്‍റ്റി ഗോളാക്കി റൊണാള്‍ഡോ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിരുന്നു. ടലിസ്കയാണ് നസ്‌റിന്‍റെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ആദ്യമായല്ല സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലാവുന്നത്. 2023 ഏപ്രിലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ കാട്ടിയ ആംഗ്യവും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News