സൗദിയിലെ യാമ്പുവിൽ ദാക്കർ റാലിക്ക് ഇന്ന് തുടക്കം
69 രാജ്യങ്ങൾ, 812 മത്സരാർഥികൾ, 7,994 കിലോമീറ്റർ
യാമ്പു: ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരങ്ങളിലൊന്നായ ദാക്കർ റാലിക്ക് സൗദിയിലെ യാമ്പുവിൽ ഇന്ന് തുടക്കം. ജനുവരി 17 വരെയാണ് ഏഴാം എഡിഷൻ. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും (SAMF) സൗദി മോട്ടോർസ്പോർട്ട് കമ്പനിയും (SMC) ചേർന്നാണ് സംഘാടനം.
ഈ വർഷത്തെ പതിപ്പിൽ 69 രാജ്യങ്ങളിൽ നിന്നുള്ള 812 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ അറിയിച്ചു. ആറ് വിഭാഗങ്ങളിലായി 433-ലധികം വാഹനങ്ങളിലാണ് ഇവർ മത്സരിക്കുകയെന്നും മന്ത്രി വിശദീകരിച്ചു. ആകെ 7,994 കിലോമീറ്റർ ദൂരമാണ് റാലി. 4,840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക സ്റ്റേജുകളായിരിക്കും. ഈ വർഷത്തെ റാലിയിൽ രണ്ട് മാരത്തൺ സ്റ്റേജുകൾ ഉൾപ്പെടെ പുതിയ റൂട്ടുകളും മാറ്റങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്കടൽ തീരത്തെ യാമ്പുവിൽ നിന്ന് ആരംഭിക്കുന്ന റാലി, അൽഉലാ, ഹാഇൽ, റിയാദ്, വാദി അദ്ദവാസിർ, ബിഷ, അൽഹെനാകിയ തുടങ്ങിയ വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലൂടെ കടന്നുപോകും. ജനുവരി 17 ശനിയാഴ്ച യാമ്പുവിൽ തന്നെ അവസാനിക്കുകയും ചെയ്യും.