രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച പി.വി അൻവറിന്റെ പ്രസ്താവനയെ ദമ്മാം ഒഐസിസി അപലപിച്ചു

മുഖ്യമന്ത്രി പിണറായി വിജയനാണ് രാഹുലിനെ ആദ്യം അപമാനിക്കാൻ ശ്രമിച്ചതെന്നും അൻവറിന് അധിക്ഷേപിക്കാനുള്ള ലൈസൻസ് നൽകിയതെന്നും ദമ്മാം ഒഐസിസി കമ്മിറ്റി

Update: 2024-04-24 10:08 GMT
Advertising

ദമ്മാം: രാഹുൽഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പിവി അൻവറിന്റെ പ്രസ്താവനയിൽ ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് രാഹുലിനെ ആദ്യം അപമാനിക്കാൻ ശ്രമിച്ചതെന്നും അൻവറിന് അധിക്ഷേപിക്കാനുള്ള ലൈസൻസ് നൽകിയതെന്നും കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ആർഎസ്എസിന്റെ അച്ചാരം വാങ്ങി പിണറായി അൻവറിന് നൽകിയ ക്വട്ടേഷനാണ് ഈ പ്രസ്താവനയെന്നും പറഞ്ഞു.

'രാഹുലിനെയല്ല, രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്. നെഹ്‌റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും അപമാനിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമാണ് പിണറായി വിജയൻ. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്'-പ്രസ്താവനയിൽ വിമർശിച്ചു.

രാഹുൽ ഗാന്ധി ഉന്നയിച്ചത് ഒരു രാഷ്ട്രീയ വിമർശനമാണ്. എന്തുകൊണ്ടാണ് രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളെപ്പോലെ പിണറായി വിജയൻ മോദിയെ നേരിട്ട് പേര് പറഞ്ഞ് വിമർശിക്കാൻ തയ്യാറാവാത്തതെന്നും മറ്റെല്ലാവരേയും വേട്ടയാടുന്ന മോദി സർക്കാർ പിണറായി വിജയനെ മാത്രം വിട്ടുകളയുന്നത് എന്താണെന്നുമുള്ള കേരളം ചർച്ച ചെയ്യുന്ന ചോദ്യമാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാരെപ്പോലെ മോദിക്കെതിരായ പോരാട്ടത്തിൽ പിണറായി വിജയനും ഇന്ത്യാ മുന്നണിക്കൊപ്പം ഉണ്ടാവണമെന്ന രാഷ്ട്രിയ ലക്ഷ്യമാണ് ആ വിമർശനത്തിന്റെ കാതൽ. അതിന് പിണറായി വിജയന്റെ മറുപടി, രാഹുൽഗാന്ധിക്കെതിരെ മുൻപ് ബിജെപി ഐടി സെല്ലും നേതാക്കളും സൃഷ്ടിച്ച് പിന്നീട് അവർ പോലും കയ്യൊഴിഞ്ഞ അധിക്ഷേപ പദപ്രയോഗങ്ങളെയും പരിഹാസങ്ങളേയും ഓർമ്മിപ്പിക്കുന്നു. അതിന്റെ പുറമേയാണ് പി.വി. അൻവർ എന്ന രാഷ്ട്രീയ ഗുണ്ടയെക്കൊണ്ട് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വീണ്ടും ഹീനമായി അധിക്ഷേപിക്കുന്നത് -ദമ്മാം ഒഐസിസി പ്രസ്താവനയിൽ പറഞ്ഞു. അൻവർ പറയുന്ന അശ്ലീലത്തെ പിണറായി വിജയൻ നേരിട്ട് ശക്തമായി ന്യായീകരിക്കുകയും ചെയ്തതിൽ ദമ്മാം ഒഐസിസി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

രണ്ട് കപട വ്യക്തിത്വങ്ങളുടെ യഥാർത്ഥ നിലവാരമാണ് ഈയടുത്ത ദിവസങ്ങളിൽ ഇന്ത്യക്കും കേരളത്തിനും ബോധ്യമായത്. നരേന്ദ്ര മോദി ആ പഴയ ഗുജറാത്ത് കലാപകാലത്തെ കൊടും വർഗീയ വാദിയായ ആർഎസ്എസുകാരനിൽ നിന്ന് ഒട്ടും വളർന്നിട്ടില്ലെന്ന് രാജ്യത്തിന് മനസ്സിലായി. ടിപി ചന്ദ്രശേഖരനെന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ മുതൽ ബിഷപ്പിനെയും പ്രേമചന്ദ്രനെയുമെല്ലാം നിരന്തരം അധിക്ഷേപിച്ച പഴയ സിപിഎം സംസ്ഥാന സെക്രട്ടറിയിൽ നിന്ന് പിണറായി വിജയനും ഒരൽപ്പം പോലും മാറിയിട്ടില്ല എന്ന് കേരളത്തിനും മനസ്സിലാവുന്നുവെന്നും കമ്മിറ്റി നേതാക്കൾ വിമർശിച്ചു.

 രാഹുലിന്റെ നേതൃത്വത്തിൽ പിണറായി ആർഎസ്എസ് കൂട്ടുകെട്ട് പൊളിച്ചു കേരളത്തിൽ മുഴുവൻ സീറ്റും യുഡിഎഫ് നേടും. ഇന്ത്യാ മുന്നണി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്നതാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിന് നൽകുന്ന ഏറ്റവും നല്ല മറുപടിയെന്നും ദമ്മാം ഒഐസിസി റീജ്യണൽ കമ്മിറ്റി നേതാക്കളായ ഇ.കെ സലിം, ഷിഹാബ് കായംകുളം, പ്രമോദ് പൂപ്പാല എന്നിവർ വാർത്തകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News