സൗദിക്ക് സാമ്പത്തിക മുന്നേറ്റം; ആഭ്യന്തര ഉൽപ്പാദനം 4.155 ട്രില്യണ് ഡോളറിലെത്തി
രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്
ജിദ്ദ: ജി20 രാജ്യങ്ങളിൽ സാമ്പത്തികമായി അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയെന്ന് അന്താരാഷ്ട്ര നാണയ നിധി. രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് വളർച്ചക്ക് കാരണം. രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിലും സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
അന്താരാഷ്ട്ര നാണയ നിധിയുടേയും അനുബന്ധ അന്താരാഷ്ട്ര സംഘടനകളുടേയും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതാണ് സൗദി ചേംബേഴ്സ് ഓഫ് കൊമേഴ്സ് പുറത്തിറക്കിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം സൗദിയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 4.155 ട്രില്യണ് ഡോളറിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ആദ്യമായാണ് ആഗോള ട്രില്യണ് ക്ലബ്ബിൽ സൗദി എത്തുന്നത്.
വിഷൻ 2025 പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നതിനേക്കാൾ വേഗതയിൽ ഈ നേട്ടം കൈവരിക്കാൻ സൗദിക്ക് സാധിച്ചു. 8.7 ശതമാനം വളർച്ചാ നിരക്കോടെ G20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നേട്ടമാണ് സൗദി സ്വന്തമാക്കിയത്. രാജ്യത്തിന്റെ ശക്തമായ ഉൽപ്പാദന ശേഷിയാണ് ഈ വളർച്ചക്ക് കാരണം. കൂടാതെ സൌദി 81.2% സ്വയം പര്യാപ്തത നേടുകയും നിക്ഷേപ നിരക്ക് 27.3% ആയി ഉയരുകയും ചെയ്തു.
രാജ്യാന്തര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ആഗോള ഇന്നൊവേഷൻ സൂചികയിൽ 51-ാം സ്ഥാനത്തുമാണ് രാജ്യം. സ്വകാര്യമേഖലയുടെ ജിഡിപി 1.634 ട്രില്യണ് റിയാലായി ഉയർന്നു. 5.3% വളർച്ചാ നിരക്കോടെ 41 ശതമാനമാണ് ജിഡിപിയിലേക്ക് സ്വകാര്യ മേഖലയുടെ സംഭാവന.