റഹീം കേസിൽ നിർണ്ണായക വിധി; അടുത്ത വർഷം മോചനം

വധശിക്ഷ റദ്ദാക്കിയതിനാൽ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു

Update: 2025-05-26 13:17 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം അടുത്ത വർഷം. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ 19 വർഷം ജയിലിൽ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.

അടുത്ത വർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. 13 തവണ മാറ്റി വെച്ച കേസിലാണ് ഒടുവിൽ സുപ്രധാന വിധി പുറത്തുവരുന്നത്.

സൗദി പൗരന്റെ മകന്റെ കൊലപാതകത്തിലാണ് അബ്ദുറഹീം 2006ൽ അറസ്റ്റിലാകുന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി ഒത്തു തീർപ്പിന് തയ്യാറായതിന്റെ അടിസ്ഥാനത്തിൽ പണം കൈമാറിയിരുന്നു. കേസിൽ സൗദി കുടുംബം മാപ്പു നൽകിയെങ്കിലും കുറ്റത്തിനുള്ള ശിക്ഷയാണ് തടവുകാലം.

Advertising
Advertising

അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

ഏറെ പ്രതീക്ഷയോടെ ഗൾഫ് ജോലി സ്വപ്നം കണ്ട് 2006 നവംബർ മാസത്തിലാണ് അബ്ദുൽ റഹീം സൗദിയിൽ എത്തുന്നത്. സൗദിയിലെത്തി മൂന്ന് മാസത്തിനുള്ളിലാണ് സൗദി പൗരന്റെ മകന്‍ മരിച്ച സംഭവത്തിൽ കൊലപാതകക്കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്. ആറ് വർഷത്തിനുശേഷം 2012ൽ കേസിൽ അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചു. തുടർന്നിങ്ങോട്ട് വധശിക്ഷ ഒഴിവായി കിട്ടാനും ജയിൽ മോചനത്തിനും ഉള്ള നിയമ പോരാട്ടത്തിലായിരുന്നു.  

സൗദി അറേബ്യയിലെ നിയമം അനുസരിച്ചു കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ആവശ്യപ്പെട്ട ദിയ ധനമായി ഒന്നര കോടി സൗദി റിയാൽ (എകദേശം 34 കോടിയിലേറെ ഇന്ത്യൻ രൂപ) മലയാളികൾ ഒത്തൊരുമിച്ചു സംഘടിപ്പിച്ചു കോടതി വഴി കൈമാറി. തുടർന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുൽ റഹീമിന് മാപ്പ് നൽകി. 2024 ജൂലൈ മാസം കോടതി, റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്തു. 

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News