ആഭ്യന്തര പ്രൈവറ്റ് ജെറ്റ് സർവീസ്; അമേരിക്കൻ കമ്പനി ഫ്ലെക്സ്ജെറ്റിന് സൗദിയിൽ അനുമതി
ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന രണ്ടാമത്തെ വിദേശ കമ്പനിയാണിത്
റിയാദ്: പ്രമുഖ അമേരിക്കൻ കമ്പനിയായ ഫ്ലെക്സ്ജെറ്റിന് സൗദിയിൽ ആഭ്യന്തര പ്രൈവറ്റ് വിമാന സർവീസുകൾ നടത്തുന്നതിനുള്ള വിദേശ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ സൗദിയിൽ ഇത്തരം അനുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പ്രൈവറ്റ് ഏവിയേഷൻ കമ്പനിയായി ഫ്ലെക്സ്ജെറ്റ് മാറി.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ആസ്ഥാനത്ത് ഇന്ന് നടന്ന ചടങ്ങിൽ അതോറിറ്റിയുടെ ഇക്കണോമിക് പോളിസി ആന്റ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അവദ് ബിൻ അതല്ല അൽ-സലാമി ഫ്ലെക്സ്ജെറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബെൻ വാട്സിന് സർട്ടിഫിക്കറ്റ് കൈമാറി.
2025 മെയ് 1 മുതൽ വിദേശ പ്രൈവറ്റ് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് സൗദിയിൽ ഓൺ-ഡിമാൻഡ് ഫ്ലൈറ്റുകൾ നടത്താമെന്ന് GACA നേരത്തെ തീരുമാനിച്ചിരുന്നു. സിവിൽ ഏവിയേഷൻ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ നിഷ്കർഷിച്ച എല്ലാ സുരക്ഷാ-നിയമ മാനദണ്ഡങ്ങളും ഫ്ലെക്സ്ജെറ്റ് പാലിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. സൗദിയിലെ ബിസിനസ്, ടൂറിസം, ആഡംബര വിനോദസഞ്ചാര മേഖലകൾക്ക് ഫ്ലെക്സ്ജെറ്റിന്റെ പ്രവർത്തനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ