സൗദിയിലേക്കും തിരിച്ചുമായി ഒരാഴ്ചക്കിടെ റദ്ദാക്കിയത് 3,100 സർവിസുകൾ
സൗദിയ, ഫ്ലൈ നാസ്, ഫ്ലൈ അഡീലിന്റെ സർവിസുകളും വലിയ തോതിൽ തടസ്സപ്പെട്ടു
റിയാദ്: ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമായി ഒരാഴ്ചക്കിടെ റദ്ദാക്കിയത് 3100 ലേറെ വിമാന സർവിസുകൾ. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളും തുടർന്നുള്ള അടച്ചിടലുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒക്ടോബർ എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 40 ശതമാനവും റദ്ദാക്കിയതായി വ്യോമയാന വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 14ന് പുറപ്പെടേണ്ട 1,097 വിമാനങ്ങളിൽ 313 എണ്ണം റദ്ദാക്കി. ഒക്ടോബർ 13ന് ഷെഡ്യൂൾ ചെയ്ത 1,058 വിമാനങ്ങളിൽ 556 എണ്ണവും റദ്ദാക്കിയിരുന്നു. ഒക്ടോബർ എട്ട് മുതൽ 13 വരെ സൗദിയിലെ പ്രമുഖ വിമാനക്കമ്പനികളിൽ വലിയ തോതിൽ സർവിസുകൾ മുടങ്ങി. സൗദിയയുടെ 2,273 സർവിസുകളിൽ 1,091 എണ്ണവും ഫ്ലൈനാസിന്റെ 1,183 സർവിസുകളിൽ 564 എണ്ണവും ഫ്ലൈഅഡീലിന്റെ 975 സർവിസുകളിൽ 496 എണ്ണവും മുടങ്ങി. റിയാദ് എയറിന്റെ 113 സർവിസുകളിൽ 80 എണ്ണം റദ്ദാക്കി.റിയാദ് വിമാനത്താവളത്തിൽ 88 ശതമാനം സർവിസുകളും മുടങ്ങിയിട്ടുണ്ട്.
ഒക്ടോബർ 14ന് ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 114 വിമാനങ്ങളിൽ 58 എണ്ണവും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 370 വിമാനങ്ങളിൽ 105 എണ്ണവും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 വിമാനങ്ങളിൽ 19 എണ്ണവും മുടങ്ങി.അബഹ, താഇഫ്, തബൂക്ക് വിമാനത്താവളങ്ങളിലും കാര്യമായ തടസ്സമുണ്ടായി. യാൻബു, നജ്റാൻ, ഖൈസുമ, ഹഫർ അൽ ബാത്തിൻ, ശരൂറ, നിയോം ബേ, തുറൈഫ്, റഫ്ഹ, അൽ വജ്ഹ് വിമാനത്താവളങ്ങളിൽ റദ്ദാക്കലുകൾ വൻതോതിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കിങ് ഖാലിദ് വിമാനത്താവളത്തിനെറ പ്രവർത്തനം നിർത്തിവെക്കുന്നത് ഒക്ടോബർ 17 വരെ നീട്ടിയതായി വ്യോമയാന അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.പ്രതിസന്ധി കണക്കിലെടുത്ത് യുഎഇ വിമാനക്കമ്പനികളും സർവിസ് റദ്ദാക്കൽ നീട്ടിയിട്ടുണ്ട്. ഇത്തിഹാദ് എയർവേസ് അബുദബിയിൽനിന്ന് റിയാദിലേക്കുള്ള എല്ലാ വിമാനങ്ങളും ഒക്ടോബർ 19 വരെ റദ്ദാക്കി. ജിദ്ദ, ദമ്മാം സർവിസുകൾ ഒക്ടോബർ 14 വരെയും റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈദുബൈ റിയാദ്, ദമ്മാം, അബഹ സർവിസുകൾ ഒക്ടോബർ 19 വരെ റദ്ദാക്കി. ഗൾഫ് എയർ റിയാദ് സർവിസുകൾ ഒക്ടോബർ 17 വരെയും എയർ ഫ്രാൻസ് ഒക്ടോബർ 31 വരെയും നിർത്തിവെച്ചിട്ടുണ്ട്.
ഇന്ത്യൻ കമ്പനികളും വൻതോതിൽ സർവിസ് റദ്ദാക്കിയിട്ടുണ്ട്. സൗദിയിലേക്കുള്ള സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 17 വരെ നിർത്തി വെച്ചിട്ടുണ്ട്. ദമ്മാം, റിയാദ്, ജിദ്ദ സർവീസുകൾക്കും ബാധകമാണ്. എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവയും സർവിസ് റദ്ദാക്കിയിട്ടുണ്ട്.