വാണിജ്യ ചട്ട ലംഘനങ്ങൾക്കുള്ള പിഴ പരിഷ്‌കരിച്ച് സൗദി
സൗദി വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി
ദമ്മാം: വാണിജ്യ വിൽപ്പന ചട്ട ലംഘനങ്ങൾക്കുള്ള പിഴ നപടികൾ പരിഷ്‌കരിച്ച് സൗദി വാണിജ്യ മന്ത്രാലയം. 200 മുതൽ പതിനായിരം റിയാൽ വരെയുളള വ്യത്യസ്ത വിഭാഗങ്ങളിലുൾപ്പെടുത്തിയാണ് പിഴ ചുമത്തുക. വാണിജ്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതും എന്നാൽ ഇതുവരെ ചട്ടലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ നിരവധി ചട്ട ലംഘനങ്ങൾ പുതുതായി ഉൾപ്പെടുത്തിയാണ് പരിഷ്‌കരണം.
വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള പിഴകളുടെ പുതിയ പട്ടിക വാണിജ്യ മന്ത്രി മജിദ് അൽ-ഖസബിയാണ് പുറത്തിറക്കിയത്. വാണിജ്യ ഇടപാടുകളിൽ ദേശീയ ചിഹ്നങ്ങളും അടയാളങ്ങളും ദുരുപയോഗം ചെയ്യൽ, ഉത്പന്നങ്ങൾ വിൽക്കാൻ വിസമ്മതിക്കുക, ഇൻവോയ്സ് നൽകാൻ വിസമ്മതിക്കുക, ഉത്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കുക, എക്‌സ്‌ചേഞ്ച് റിട്ടേൺ നയം പാലിക്കാതിരിക്കുക, ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ യഥാർഥ വിലയും വിൽപ്പന വിലയും തമ്മിൽ പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ ചട്ട ലംഘനങ്ങൾക്ക് 200 മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തും. ഉറവിടം വ്യക്തമല്ലാത്ത സാധനങ്ങൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും' ഗുരുതരമായ കുറ്റകൃത്യമയാണ് പരിഗണിക്കുക. ഇതിന് പതിനായിരം റിയാൽ വരെ പിഴ വീഴും. ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചാൽ 2000 റിയാലും പിഴ ലഭിക്കും. ചട്ടലംഘനങ്ങൾ ആവർത്തിച്ചാൽ പിഴയും ഇരട്ടിക്കുമെന്നും പുതിയ നിയമ നിഷ്‌കർഷിക്കുന്നു.