ജിദ്ദയിൽ പൊളിച്ചു മാറ്റുന്നത് അമ്പതിനായിരത്തോളം കെട്ടിടങ്ങൾ

നഗര വികസനത്തിന്റെയും സൗന്ദര്യവത്ക്കരണത്തിന്റെയും ഭാഗമായി ജിദ്ദയിലെ ചേരി പ്രദേശങ്ങളുൾപ്പെടെ 138 പ്രദേശങ്ങളിലായി അമ്പതിനായിരത്തോളം കെട്ടിടങ്ങൾ പൊളിക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്

Update: 2022-01-30 18:29 GMT

സൗദിയിലെ ജിദ്ദയിൽ ചേരിപ്രദേശങ്ങളുൾപ്പെടെ പൊളിച്ചു മാറ്റുന്നത് അമ്പതിനായിരത്തോളം കെട്ടിടങ്ങളെന്ന് പ്രാദേശിക ഭരണകൂടം. പതിനൊന്നായിരത്തോളം കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ച് നീക്കിയിട്ടുണ്ട്. വീടും കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും നഷ്ടമായവർക്ക് 68000 താൽക്കാലിക താമസ കേന്ദ്രങ്ങൾ ഒരുക്കും. കെട്ടിടയുടമസ്ഥർക്ക് നഷ്ടപരിഹാരം ലഭിക്കും വരെ സർക്കാർ ചിലവിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നഗര വികസനത്തിന്റെയും സൗന്ദര്യവത്ക്കരണത്തിന്റെയും ഭാഗമായി ജിദ്ദയിലെ ചേരി പ്രദേശങ്ങളുൾപ്പെടെ 138 പ്രദേശങ്ങളിലായി അമ്പതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ച് നീക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. ഇതിൽ 13 പ്രദേശങ്ങളിലായി പതിനൊന്നായിരത്തോളം കെട്ടിടങ്ങൾ പൊളിച്ച് നീക്കി. ശേഷിക്കുന്നവയിൽ ചിലത് പൊളിച്ച് നീക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. പൊളിച്ച് നീക്കുന്ന കെട്ടിടങ്ങൾക്കും നഷ്ടപ്പെടുന്ന ഭൂമിക്കും ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദ നഗരസഭ അറിയിച്ചിരുന്നു. ഇതിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചുതുടങ്ങി. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ താമസ സൗകര്യമില്ലാത്ത 550 കുടുംബങ്ങളെ ഭരണകൂടത്തിന്റെ ചെലവിൽ മാറ്റി പാർപ്പിച്ചു. ഇതിന് പുറമെ സ്വന്തമായി വീടോ രേഖകളോ ഇല്ലാത്ത 4781 കുടുംബങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി പുതിയ വീടുകൾ നിർമിച്ച് ഈ വർഷം അവസാനത്തോടെ കൈമാറും. ഈ ഗണത്തിൽ പെട്ട കൂടുതൽ പേരെ കണ്ടെത്തിയാൽ അവർക്കും താമസ സൗകര്യം ഏർപ്പെടുത്തും.

Advertising
Advertising

ചേരിപ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർക്കായി താൽക്കാലിക പാർപ്പിട സൗകര്യവും ഭരണകൂടം ഒരുക്കുന്നുണ്ട്. കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കും വരെ ഭരണകൂടത്തിന്റെ ചിലവിലാണ് താമസ സൗകര്യം. നിലവിൽ രേഖകളൊന്നുമില്ലാത്ത പൗരന്മാർക്ക് ഭരണകൂടത്തിന് കീഴിലെ ചാരിറ്റിയുടെ സഹായത്തോടെ വീട് വെച്ച് നൽകുമെന്നും ജിദ്ദ ഗവർണ്ണറേറ്റ് ഉൾപ്പെടുന്ന മക്ക മേഖല എമിറേറ്റ് അറിയിച്ചു. കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ച് നീക്കാൻ തുടങ്ങിയതോടെ മലയാളികളുൾപ്പെടെ നിരവധി പേരാണ് താമസ സ്ഥലങ്ങളന്വോഷിച്ച് നടക്കുന്നത്. പല പ്രദേശങ്ങളിലും വീട്ടുവാടകയും വർധിച്ചു. എന്നാൽ കെട്ടിടമൊഴിയുന്ന പൗരന്മാർക്ക് സൗദി ഭരണകൂടം താമസമൊരുക്കുന്നതോടെ വാടക നിരക്ക് സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷ.

government says about 50,000 buildings will be demolished in Jeddah, Saudi Arabia, including slums.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News