'ആഗോള താപനം കുറയ്ക്കും'; പശ്ചിമേഷ്യാ ഹരിത ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി

കാര്‍ബണ്‍ ബഹിര്‍ഗമനം 10 ശതമാനത്തോളം കുറക്കാന്‍ ഐക്യസമിതി രൂപീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Update: 2021-10-25 17:35 GMT
Editor : abs | By : Web Desk

ആഗോള താപനം ചെറുക്കാനും പശ്ചിമേഷ്യയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുമുളള പ്രഖ്യാപനത്തോടെ പശ്ചിമേഷ്യാ ഹരിത ഉച്ചകോടിക്ക് തുടക്കമായി. റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 10 ശതമാനത്തോളം കുറക്കാന്‍ ഐക്യസമിതി രൂപീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ വനവത്കരണത്തിന്റെ അഞ്ചു ശതമാനം പശ്ചിമേഷ്യ സംഭാവന ചെയ്യും. ജിസിസി രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കാളികളായി.

കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറക്കുക, ആഗോള താപനത്തെ പ്രതിരോധിക്കുക, പശ്ചിമേഷ്യയില്‍ ഹരിതപദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാര്‍ സൗദിയില്‍ സംഗമിച്ചത്. റിയാദില്‍ നടന്ന ഉച്ചകോടിയില്‍ യുഎസ് പ്രതിനിധികളും യുഎന്‍ പ്രതിനിധികളും പങ്കെടുത്തു. പശ്ചിമേഷ്യയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളുന്ന തോത് പത്ത് ശതമാനം കുറക്കും. കാര്‍ബണ്‍ സര്‍ക്കുലര്‍ ഇക്കോണമി ടെക്‌നോളജികള്‍ക്കുള്ള പരിഹാരങ്ങള്‍ക്ക് ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കും. കൂടാതെ ലോകത്തിലെ 750 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ശുദ്ധമായ ഇന്ധന പരിഹാരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ഒരു ആഗോള സംരംഭവും നടപ്പിലാക്കും. രണ്ട് സംരംഭങ്ങളുടെയും മൊത്തം നിക്ഷേപം 39 ബില്യണ്‍ റിയാലായിരിക്കും.

Advertising
Advertising

സൗദി അറേബ്യ അതില്‍ 15 ശതമാനം സംഭാവന ചെയ്യും. പ്രഖ്യാപനത്തിന്റെ ഭാഗമായി 50 ബില്യണ്‍ മരങ്ങള്‍ പശ്ചിമേഷ്യയില്‍ നട്ടുപിടിപ്പിക്കും. ആഗോള തലത്തില്‍ നടക്കുന്ന വനവത്കരണ പദ്ധതിയുടെ അഞ്ച് ശതമാനം വരും ഇത്. ക്ലൗഡ് സീഡിങിന് പ്രാദേശിക കേന്ദ്രം, ഫിഷറീസ് സമ്പത്ത് സുസ്ഥിര വികസന കേന്ദ്രം, കൊടുങ്കാറ്റുകള്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിന് പ്രാദേശിക കേന്ദ്രം എന്നിവയും സ്ഥാപിക്കും. ജിസിസി, ഗള്‍ഫ് രാജ്യഹ്ങളുടെ സഹകരണത്തോടെ ഇതിനായി പ്രത്യേക ഐക്യസംഘം രൂപീകരിക്കും.

ആദ്യമായാണ് പശ്ചിമേഷ്യയില്‍ ആഗോള താപനം തടയുന്നതിനായി വിശാലമായ സഖ്യം രൂപീകരിക്കുന്നത്. ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍, കുവൈത്ത് അമീര്‍, യുഎഇ ധന കാര്യ മന്ത്രി, ബഹ്‌റൈന്‍ പ്രധാനമന്ത്രി, ഒമാന്‍ പ്രതിനിധി സംഘം എന്നിവരും എത്തിയിരുന്നു. വൈകുന്നേരം മുതല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതായി രാഷ്ട്രതലവന്മാരുടെയും പ്രതിനിധികളുടെ വരവ് തുടങ്ങിയിരുന്നു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News