7 കിലോമീറ്ററിൽ 501 വാഹനങ്ങൾ...; ലോകത്തെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് വാഹനസംഗമം ഹാഇലിൽ
ഗിന്നസ് റെക്കോഡ്
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെ സംഗമം സംഘടിപ്പിച്ച് സൗദിയിലെ ഹാഇൽ ഗിന്നസ് റെക്കോഡിൽ. 7 കിലോമീറ്റർ നീളത്തിൽ 501 വാഹനങ്ങളാണ് റെക്കോഡിനായി അണിനിരന്നത്. മരുഭൂമി ട്രാക്കിലായിരുന്നു ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെ 'മഹസമ്മേളനം'.
ഹാഇലിന്റെ വടക്കുപടിഞ്ഞാറുള്ള ചരിത്രപ്രസിദ്ധമായ തുവാരൻ പ്രദേശത്തായിരുന്നു പരിപാടി. ഹാതിമുത്താഇയുടെ ചരിത്രമുറങ്ങുന്ന ആജാ താഴ്വരയിലൂടെയും തുവാരൻ പ്രദേശത്തിലൂടെയുമാണ് വാഹനങ്ങൾ കടന്നുപോയത്. പ്രവിശ്യാ ഗവർണർ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസ് മേൽനോട്ടം വഹിച്ചു.
സൗദി ടൂറിസം അതോറിറ്റിയും ഹാഇൽ പ്രവിശ്യാ വികസന അതോറിറ്റിയും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റി, ഹൗസ് ഓഫ് കൾച്ചർ, ഹാഇൽ ഗവർണറേറ്റ്, സൗദി ഫെഡറേഷൻ ഫോർ കാർസ് ആൻഡ് മോട്ടോർസൈക്കിൾസ് എന്നിങ്ങനെ 14 ഗവൺമെന്റ് ഏജൻസികളുടെ പിന്തുണയോടെയായിരുന്നു മാർച്ച്.