ദാക്കർ റാലി ശേഷം വീണ്ടുമൊരു പൊടി പാറും പോര്; ഹാഇൽ ടൊയോട്ട ഇന്റർനാഷണൽ ബാജയിൽ വമ്പന്മാരെത്തും
ജനുവരി 29ന് തുടക്കം
ഹാഇൽ: സൗദിയിൽ ദാക്കർ റാലി ശേഷം വീണ്ടുമൊരു പൊടി പാറും പോര്. ഹാഇൽ ടൊയോട്ട ഇന്റർനാഷണൽ ബാജ ജനുവരി 29 മുതൽ നടക്കും. റാലിയുടെ സംഘാടകരായ ഹാഇൽ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി അന്തിമ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണ്. ഇതിനായി റേസിന്റെ സാങ്കേതിക മേൽനോട്ടക്കാരനായ സൗദി അറേബ്യൻ ഫെഡറേഷൻ ഫോർ ഓട്ടോമൊബൈൽസ് ആൻഡ് മോട്ടോർസൈക്കിൾസുമായും ഇതര ഗവൺമെൻറ ഏജൻസികളുമായും ഏകോപനം ശക്തമാക്കുകയാണ്.
റാലിയുടെ പുതിയ പതിപ്പിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചാമ്പ്യന്മാരുടെ വിപുല പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. FIA ബജ വേൾഡ് കപ്പ്, FIA മിഡിൽ ഈസ്റ്റ് ബാജ കപ്പ്, FIM ബാജ വേൾഡ് കപ്പ്, FIM ഏഷ്യ ബാജ കപ്പ്, സൗദി ടൊയോട്ട റാലി ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ റാലി സ്പോർട്സിലെ ഏറ്റവും പ്രധാനപ്പെട്ട നിരവധി അന്താരാഷ്ട്ര, പ്രാദേശിക ചാമ്പ്യൻഷിപ്പുകളുടെ ആദ്യ റൗണ്ടാണ് ഈ പരിപാടി. റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ സാങ്കേതിക പരിശോധന ജനുവരി 28 ന് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
റാലിയുടെ അനുബന്ധ പരിപാടികൾ ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. 20 ലധികം വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. അൽ മഗ്‌വാത്ത് റിക്രിയേഷണൽ പാർക്കിലാണ് ആറ് ദിവസത്തെ പരിപാടി.