സൗദിയില്‍ മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ

5 മുതല്‍ 20 ലക്ഷം റിയാല്‍ വരെ പിഴയും അടപ്പിക്കലും ശിക്ഷ

Update: 2025-07-05 15:29 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദിയില്‍ മുനിസിപ്പല്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും നടപടികളും ഇരട്ടിപ്പിച്ചു. അഞ്ച് ലക്ഷം മുതല്‍ ഇരുപത് ലക്ഷം റിയാല്‍ വരെ പിഴയും, സ്ഥാപനം അടച്ചിടല്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളും നേരിടേണ്ടി വരും. പുതുക്കിയ മുനിസിപ്പല്‍ നിയമലംഘന പട്ടികക്ക് മുനിസിപ്പല്‍, ഭവനകാര്യ മന്ത്രി മാജിദ് അൽ-ഹൊഗൈൽ അംഗീകാരം നൽകി.

ചെറിയ നിയമലംഘനങ്ങൾക്ക് 5 ലക്ഷം റിയാലിൽ കൂടാത്തതും ഗുരുതരമായ നിയമലംഘനങ്ങൾക്ക് 10 ലക്ഷം റിയാലിൽ കൂടാത്തതുമായ പിഴകൾ പുതിയ ചട്ടങ്ങൾ പ്രകാരം ചുമത്തും. ആവർത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴകൾ ഇരട്ടിയാകും. ലംഘനം ഗുരുതരമാണെങ്കിൽ 20 ലക്ഷം റിയാൽ വരെ പിഴ ഈടാക്കാനും ചട്ടം അനുമതി നല്‍കുന്നുണ്ട്. ഇതിന് പുറമേ രണ്ടാഴ്ചയിൽ കൂടാത്ത കാലയളവിലേക്ക് കടയോ സ്ഥാപനമോ അടച്ചുപൂട്ടുന്നതും പിഴകളിൽ ഉൾപ്പെടുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് കാലയളവ് ഇരട്ടിയാക്കും. നാലാം തവണയും സംഭവിക്കുന്ന ഗുരുതരമായ ലംഘനങ്ങൾക്ക്, രണ്ട് വർഷം വരെ മുനിസിപ്പൽ ലൈസൻസ് റദ്ദാക്കാനും നിയമം അനുശാസിക്കുന്നുണ്ട്. ലംഘനങ്ങൾക്ക് തിരുത്തൽ ഗ്രേസ് പിരീഡും നിയമം വ്യവസ്ഥ ചെയ്യുന്നു. ചെറിയ ലംഘനങ്ങൾക്ക്, പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും ഗ്രേസ് പിരീഡും ലഭിക്കും. എന്നാല്‍ ഗുരുതരമായ ലംഘനങ്ങൾക്ക്, പിഴ ചുമത്തിയതിന് ശേഷമായിരിക്കും തിരുത്തൽ ഗ്രേസ് പിരീഡ് അനവദിക്കുക. ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അതിന്‍റെ വിശദ വിവരങ്ങളും ഫോട്ടോയും മുംതഹ്മില്‍, ഇഫ പ്ലാറ്റ് ഫോമുകളില്‍ അപ്ലോഡ് ചെയ്യണം. നടപടികളെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാന്‍ സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും അനുവാദമുണ്ടാകും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News