മക്കയിൽ ഫലസ്തീന് വേണ്ടി പ്രാർഥന; വിതുമ്പിക്കരഞ്ഞ് ഹറം ഇമാം

കേരളത്തിലെ മുസ്‌ലിം പള്ളികളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണങ്ങൾ നടത്തി

Update: 2023-10-13 19:18 GMT
Advertising

റിയാദ്: ഫലസ്തീന് വേണ്ടി പ്രാർഥിച്ച് മക്ക ഹറമിലെ ഇമാം ശൈഖ് ഉസാമ ഖയ്യാത്ത്. ഇന്ന് മക്കയിലെ ഹറമിൽ വെച്ച് ജുമുഅയിലായിരുന്നു അദ്ദേഹം ഫലസ്തീന് വേണ്ടി പ്രാർഥിച്ചത്. മസ്ജിദുൽ അഖ്‌സയുടെ മോചനത്തിനും ഫലസ്തീൻ ജനതക്കും വേണ്ടി പ്രാർഥിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു. നിശ്ശബ്ദമായി കരഞ്ഞ അദ്ദേഹം പിന്നീട് ഫലസ്തീന് സഹായത്തിനുണ്ടാകണമെന്നും പ്രാർഥനയിൽ പറഞ്ഞു. ഈ ഘട്ടത്തിലും ഫലസ്തീന്റെ കൂടെയെന്ന സൗദി നിലപാട് അടിയുറച്ച വിശ്വാസത്തിൽ നിന്നുള്ളതെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസും പറഞ്ഞു. സൗദി കിരീടാവകാശിയുടെ ഫലസ്തീൻ അനുകൂല പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലെ പ്രതികരണം. അൽ അഖ്‌സയുടെ പ്രധാന്യം ഇസ്ലാമിക ലോകത്തിന്റെ ഹൃദയത്തിലുണ്ടെന്നും ഫലസ്തീനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി പ്രശ്‌നം നീണ്ടു നിൽക്കാതിരിക്കാനുള്ള ശ്രമത്തിലാണ് സൗദിയെനന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. അതേസമയം, സൗദിയിലെ പള്ളികളിലെല്ലാം ഫലസ്തീനു വേണ്ടി പ്രാർഥന നടന്നു.

ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്‌ലിം പള്ളികളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണങ്ങൾ നടത്തി. ജുമുഅ ഖുതുബയിലും അനുബന്ധ പ്രഭാഷണങ്ങളിലും ഫലസ്തീന് വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു.

ഈ വെള്ളിയാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിക്കണമെന്ന അന്താരാഷ്ട്ര പണ്ഡിത സഭയുടെ ആഹ്വാനത്തെ തുടർന്നാണ് സംസ്ഥാനത്തെ പള്ളികളിലും പ്രത്യേക പ്രാർഥനയും ഉദ്‌ബോധന പ്രസംഗങ്ങളും നടന്നത്. അന്താരാഷ്ട്ര ധാരണകൾ പോലും ലംഘിച്ച് ഇസ്രായേൽ ഫലസ്തീനുമേൽ കാലങ്ങളായി നടത്തിപ്പോരുന്ന അധിനിവേശത്തെ കുറിച്ച് ഇമാമുമാർ ഓർമപ്പെടുത്തി. പശ്ചിമേഷ്യയിൽ ന്യായപൂർണമായ ഉപാധിയോടെ സമാധാനത്തിന് വഴിയൊരുങ്ങണമെന്നും ഇമാമുമാർ ഖുതുബകളിൽ അഭിപ്രായപ്പെട്ടു. ഉദ്‌ബോധന ക്ലാസുകൾക്ക് ശേഷം ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു.


Full View


Imam Sheikh Usama Khayyat of Makkah Haram prays for Palestine

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News