സൗദിയിൽ മുനിസിപാലിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനകളോട് സഹകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു

ഈ മാസം 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക

Update: 2023-10-11 19:42 GMT

ജിദ്ദ: സൗദിയിൽ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ മാറി നിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതും ഗുരുതര നിയമലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ ചെയ്യുന്നവർക്ക് മുന്നറിയിപ്പില്ലാതെ തന്നെ വൻ തുക പിഴ ചുമത്തുകയും സ്ഥാപനം താൽക്കാലികമായി അടച്ച് പൂട്ടുകയും ചെയ്യും. ഈ മാസം 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

.മുനിസിപാലിറ്റി ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മാറി നിൽക്കുന്നതും ഓടി രക്ഷപ്പെടുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇവ്വിധം ചെയ്താൽ ഓരോ ജീവനക്കാർക്കും 10,000 റിയാൽ വീതം പിഴ ചുമത്തും. കൂടാതെ 14 ദിവസത്തേക്ക് സ്ഥാപനം അടച്ചിടുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ താൽക്കാലികമായി അടച്ച് പൂട്ടുന്ന സ്ഥാപനങ്ങളിൽ മുനിസിപാലിറ്റി ഉദ്യോഗസ്ഥർ പതിക്കുന്ന സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതും, അധികൃതരുടെ അനുമതി ഇല്ലാതെ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും.

Advertising
Advertising

ഇത്തരം നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പില്ലാതെ തന്നെ 40,000 റിയാലാണ് പിഴ ചുമത്തുക. പരിശോധനക്ക് ഉദ്യോഗസ്ഥർ വരുമ്പോൾ സ്ഥാപനങ്ങൾ അടക്കുന്നതിനും, ഉദ്യോഗസ്ഥരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരിക്കുന്നതിനും 10,000 റിയാലാണ് പിഴ. ആരോഗ്യ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ നിയമിക്കുന്നതിന് 20,000 റിയാൽ പിഴ ചുമത്തുമെന്നും, കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും, സ്ഥാപനം 7 ദിവസത്തേക്ക് അടച്ചിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ വിൽക്കാതിരിക്കുന്നതും, സേവന സ്ഥാപനങ്ങൾ സേവനങ്ങൾ നൽകാതിരിക്കുന്നതും കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങളും 14 ദിവസത്തേക്ക് അടച്ചിടും. കൂടാതെ 3000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. ഒക്ടോബർ 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News