ദമ്മാം വിമാനത്താവള ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു
ദമ്മാം എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫാണ് കൊല്ലപ്പെട്ടത്
ദമ്മാം: സൗദിയിലെ ദമ്മാം വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ്, ഗോരഖ്പൂർ സ്വദേശി കമലേഷ് പാണ്ഡെ(37 )യാണ് കൊല്ലപ്പെട്ടത്. ദമ്മാം എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
യമനിലെ ഹൂതി വിമതർ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇന്ത്യക്കാരന് പുറമേ സ്വദേശിയാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതേസമയം, ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഫിലിപ്പൈൻസ്, നേപ്പാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് ഷൈബ എണ്ണപ്പാടം.
ഒക്‌ടോബർ എട്ടിനും പത്തിനും ഹൂതികൾ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഒക്‌ടോബർ എട്ടിലെ ആക്രമണത്തിൽ മൂന്ന് പേരും രണ്ട് ദിവസത്തിന് ശേഷം നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ അടക്കം 13 പേരും കൊല്ലപ്പെട്ടിരുന്നു. റിയാദ് വിമാനത്താവളം നിലവിൽ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ദമ്മാം വിമാനത്താവളത്തെ ലക്ഷ്യംവെച്ച് ഹൂതികൾ ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ച ദമ്മാമിനെ ലക്ഷ്യം വെച്ച മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന തകർത്തിരുന്നു.