റിയാദിന് പിന്നാലെ അടുത്ത സൗദി നഗരത്തിലേക്കും മെട്രോ; വെളിപ്പെടുത്തലുമായി വികസന അതോറിറ്റി

റിയാദിനെ മാതൃകയാക്കി ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക

Update: 2026-10-21 16:30 GMT

ദമ്മാം: സൗദി ഈസ്റ്റേൺ മെട്രോ പദ്ധതി പരിഗണനയിലെന്ന് കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റി. മേഖലയിലെ ജനസംഖ്യ വർധനവിനും, വികസന വിപുലീകരണത്തിനും അനുസൃതമായി, മെട്രോ പദ്ധതികളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നടന്ന് വരുന്ന പഠനം എത്രയും വേഗം പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടക്കും.

കിഴക്കൻ പ്രവിശ്യയിൽ ഗതാഗത സേവനങ്ങളുടെ ആവശ്യകത വർധിച്ചുവരികയാണെന്ന് ഈസ്റ്റേൺ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ. തലാൽ അൽ മഗ്ലൂത്ത് പറഞ്ഞു. മേഖലയിൽ അനുഭവപ്പെട്ടു വരുന്ന ഗതാഗത പരിമിതികള്ക്കും വികസന വിപുലീകരണങ്ങൾക്കും അനുസൃതമായി, മെട്രോ പദ്ധതികളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള അതോറിറ്റിയുടെ പഠനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

റിയാദിനെ മാതൃകയാക്കി പൊതുഗതാഗത പദ്ധതികൾ ഘട്ടം ഘട്ടമായാണ് ദമ്മാമിലും നടപ്പിലാക്കുക. റിയാദിൽ ബസ് സർവീസുകൾ ആരംഭിച്ചതിന് ശേഷമാണ് മെട്രോ സംവിധാനത്തിലേക്ക് മാറിയത്. കിഴക്കൻ പ്രവിശ്യയിൽ ഇതിനകം തന്നെ ബസ് ഗതാഗത സംവിധാനം പ്രവർത്തനക്ഷമമാക്കുകയും അത് വിപുലീകരിക്കുകയും ചെയ്തതായും തലാൽ അൽ മഗ്ലൂത്ത് വശദീകരിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, ഭാവിയിലെ സാമ്പത്തിക ലഭ്യതയും അടിസ്ഥാനമാക്കിയായിരിക്കും, മെട്രോ സംവിധാനമാണോ അതോ മറ്റ് ആധുനിക ഗതാഗത മാർഗങ്ങളാണോ നടപ്പിലാക്കുക എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News