സൗദിയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ സർപ്രൈസ് വിസിറ്റ്; കിരീടാവകാശിയുമായി നിർണായക ചർച്ച
ഖത്തറിലെ സന്ദർശനം പൂർത്തിയാക്കിയാണ് മാക്രോൺ നേരെ സൗദിയിലേക്ക് തിരിച്ചത്
റിയാദ്: ഗൾഫ് പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സൗദി തലസ്ഥാനമായ റിയാദിലെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാത്ത ഈ സന്ദർശനത്തിൽ അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ചകൾ നടത്തും. ഖത്തറിലെ സന്ദർശനം പൂർത്തിയാക്കിയാണ് മാക്രോൺ നേരെ സൗദിയിലേക്ക് തിരിച്ചത്. ഹൂതി കളുടെ ആക്രമണങ്ങൾ നേരിടുന്ന സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഫ്രാൻസ് ഒപ്പമുണ്ടാകുമെന്ന് ദോഹയിൽ വെച്ച് മാക്രോൺ വ്യക്തമാക്കിയിരുന്നു.ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി കൊട്ടാരം ഈ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അതിർത്തി സംരക്ഷിക്കാൻ ഫ്രാൻസ് സൈനിക സഹായം നൽകുന്നുണ്ട്. ഫ്രഞ്ച് സൈനികരെയും പ്രതിരോധ സംവിധാനങ്ങളെയും ഇതിനകം സൗദിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് മാക്രോൺ സ്ഥിരീകരിച്ചു. സൗദിയുടെ പ്രതിരോധ നീക്കങ്ങൾക്ക് പിന്തുണ നൽകാനാണ് ഈ സഹായം. ഹൂതികളുടെ ആക്രമണം നേരിടാൻ സൗദിയുമായി ചേർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച സൗദിയുടെ പ്രധാനപ്പെട്ട ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ നന്നാക്കാനും സംരക്ഷിക്കാനും ഫ്രാൻസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഹൂതി ആക്രമണങ്ങൾ വർധിച്ചതിന് ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന ആദ്യ പാശ്ചാത്യ നേതാവാണ് ഇമ്മാനുവൽ മാക്രോൺ. സൗദി ജനതയോടും ഭരണകൂടത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഊർജ വിതരണം സുരക്ഷിതമാക്കാനുള്ള നടപടികളും സന്ദർശനത്തിൽ ചർച്ചയാകും. കുവൈത്ത്, യുഎഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മാക്രോൺ സൗദിയിലെത്തിയത്.