സൗദിയിൽ റോഡ് അറ്റകുറ്റപ്പണികൾക്ക് റോബോട്ട്

റോഡിനടിയിലെ പൈപ്പുകളും ഡ്രൈനേജ് സംവിധാനങ്ങളും പരിശോധിക്കും

Update: 2026-10-22 13:34 GMT

റിയാദ്: റോഡുകളുടെ അറ്റകുറ്റപ്പണികൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡിനടിയിലെ പൈപ്പുകളും ഡ്രൈനേജ് സംവിധാനങ്ങളും പരിശോധിക്കാൻ പുതിയ റോബോട്ടിനെ അവതരിപ്പിച്ച് സൗദി ജനറൽ റോഡ്സ് അതോറിറ്റി. റോഡിനടിയിലെ പൈപ്പുകൾക്കുള്ളിൽ കടന്ന് അവയുടെ ഘടനയും പ്രവർത്തനക്ഷമതയും കൃത്യമായി പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണിത്. സിസിടിവിയോടുകൂടി പ്രവർത്തിക്കുന്ന റോബോട്ടിന്റെ മുന്നിലും പിന്നിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന 4K ഹൈ-ഡെഫനിഷൻ ക്യാമറകളുണ്ട്. ഉയർന്ന പ്രകാശശേഷിയുള്ള ലൈറ്റുകൾ, ദൂരം അളക്കാനുള്ള ഉപകരണം, വൈദ്യുത നിയന്ത്രണ സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പൈപ്പുകളുടെയും കൾവെർട്ടുകളുടെയും അകത്തെ അവസ്ഥ വിശദമായി രേഖപ്പെടുത്താൻ കഴിയും.

Advertising
Advertising

360 ഡിഗ്രിയിൽ തിരിയാനും 180 ഡിഗ്രിയിൽ ഫ്ലിപ് ചെയ്ത് പ്രവർത്തിക്കാനും റോബോട്ടിന് സാധിക്കും. ക്യാമറയുടെ ഉയരം ക്രമീകരിക്കാൻ ഇലക്ട്രിക് ലിഫ്റ്റ് സംവിധാനവുമുണ്ട്. നിലത്തുനിന്ന് ക്യാമറയുടെ ലെൻസ് പരമാവധി 260 മില്ലിമീറ്റർ വരെ ഉയർത്താനാകും. പത്തിരട്ടി വരെ സൂം ചെയ്യാനും ഓട്ടോഫോക്കസ് ഉപയോഗിച്ച് വ്യക്തമായ ദൃശ്യങ്ങൾ പകർത്താനും കഴിയും. രണ്ട് മുതൽ നാല് മെഗാപിക്സൽ വരെ റെസല്യൂഷനുള്ള സെൻസറുകളുടെ സഹായത്തോടെ പൈപ്പുകൾക്കുള്ളിലെ തകരാറുകൾ കണ്ടെത്താം.

പകർത്തുന്ന ദൃശ്യങ്ങൾ ടാബ്‌ലെറ്റിലേക്കോ ലാപ്‌ടോപ്പിലേക്കോ തത്സമയം കൈമാറാനുള്ള സംവിധാനമുണ്ട്. വീഡിയോ പകർത്താനും തകരാറുകളുടെ ചിത്രങ്ങളും അവയുടെ കൃത്യമായ സ്ഥാനവും രേഖപ്പെടുത്താനും കഴിയും. വെള്ളത്തെ പ്രതിരോധിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത റോബോട്ടിൽ വ്യത്യസ്ത വലുപ്പത്തിലുള്ള പൈപ്പുകളിൽ പ്രവർത്തിക്കാൻ മൂന്ന് തരത്തിലുള്ള ചക്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റോഡുകളുടെ അടിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ തകരാറുകൾ നേരത്തേ കണ്ടെത്താനും അറ്റകുറ്റപ്പണികൾ കൂടുതൽ കൃത്യതയോടെ നടത്താനും ഇതിലൂടെ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News