സൗദിയിൽ പണപ്പെരുപ്പം വർധിക്കുന്നു; എല്ലാ മേഖലയിലും വില വർധന

വാറ്റ് 15 ശതമാനമാക്കിയതിനാൽ എല്ലാ മേഖലയിലും ചിലവ് വർധിച്ചു

Update: 2021-11-15 16:43 GMT
Advertising

സൗദിയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് ഇപ്പോഴത്തെ കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വർധിച്ചിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. ഒക്ടോബറിൽ പൂജ്യം ദശാംശം എട്ടു ശതമാനമാണ് പണപ്പെരുപ്പം വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് നേരിയ വർധനവാണിത്. പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം മൂല്യ വർധിത നികുതി ഉയർത്തിയതാണ്. നിലവിൽ ജീവിതച്ചെലവ് സൂചിക 105 പോയിന്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വില വർധിച്ചതാണ് വീണ്ടും പണപ്പെരുപ്പം നേരിയ തോതിൽ ഉയരാൻ കാരണം. ഇത് എല്ലാ മേഖലയിലും വില വർധനവിന് കാരണമായിട്ടുണ്ട്.

ഒരു വർഷത്തിനിടെ 47 ശതമാനമാണ് പെട്രോൾ വില വർധിച്ചത്. ഇതോടെ ആറര ശതമാനം യാത്രാ ചിലവ് കൂടി. ഭക്ഷണ പാനീയങ്ങൾക്ക് ഒന്നര ശതമാനം വിലയേറി. സ്വന്തം വാഹനമോടിക്കുന്നവർക്ക് ചിലവ് കൂടിയത് 21 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിലും ചിലവ് അഞ്ച് ശതമാനത്തോളം കൂടി. വീട്ടു വാടകയിൽ രണ്ടര ശതമാനത്തിലേറെ ഇടിവു വന്നതിനാൽ ഈ മേഖലയെ പെട്രോൾ വില ബാധിച്ചിട്ടില്ല.

2018 ജനുവരി ഒന്നിനാണ് സൗദിയിൽ മൂല്യ വർധിത നികുതി അഥവാ വാറ്റ് പ്രാബല്യത്തിൽ വന്നത്. അന്ന് അഞ്ച് ശതമാനമായിരുന്നു നികുതി. കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറാൻ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇത് 15 ശതമാനമാക്കി ഉയർത്തി. ഇതോടെ ആദ്യ മാസം തന്നെ പണപ്പരുപ്പം ആറ് ശതമാനത്തിലേറെ വർധിച്ചു. ഇതിന് ശേഷം ഘട്ടം ഘട്ടമായി കുറഞ്ഞു. ആഗോള വിലക്കനുസരിച്ചാണ് സൗദിയും എണ്ണ വില ഉയർത്തുന്നത്. എന്നാൽ കുത്തനെ ഉയരാതിരിക്കാൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ എണ്ണ വില ലിറ്ററിന് 2.18 റിയാലാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന് മുകളിലേക്ക് വരുന്ന ചിലവ് ഭരണൂകൂടം വഹിക്കും. ആഗോള വില കുറഞ്ഞാൽ വില കുറയുകയും ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News