അറബ് ഐക്യം പ്രഖ്യാപിച്ച് ജിദ്ദാ ഉച്ചകോടി; ഫലസ്തീന് പിന്തുണ തുടരുമെന്ന് സൗദി കിരീടാവകാശി

സൗദിയുടെ പിന്തുണയ്ക്ക് ഫലസ്തീൻ പ്രസിഡന്റ് നന്ദി പറഞ്ഞു.

Update: 2023-05-19 17:29 GMT

ജിദ്ദ: അറബ് രാജ്യങ്ങളെ സംഘര്‍ഷങ്ങളുടെ മേഖലയാക്കി മാറ്റാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ജിദ്ദയിൽ നടന്ന അറബ് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സൗദി കിരീടാവകാശി. സംഘർഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ അറബ് മേഖലയുടെ ഭൂതകാലത്തിന്റെ അധ്യായം അടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യമൻ, സുഡാൻ, ഫലസ്തീൻ പ്രശ്നൾ പരിഹരിക്കാൻ ഊർജിത ശ്രമം തുടരുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.

22 അറബ് രാജ്യങ്ങളുടെ നിർണായക ഉച്ചകോടിയാണ് ജിദ്ദയിൽ അവസാനിച്ചത്. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് 32-ാമത് അറബ് ഉച്ചകോടിയില്‍ അധ്യക്ഷം വഹിച്ചത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരുന്നു. അറബികളുടെയും മുസ്‌ലിംകളുടെയും കേന്ദ്ര പ്രശ്നമാണ് ഫലസ്തീനെന്നും സൗദി അറേബ്യയുടെ വിദേശ നയത്തില്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതും ഫലസ്തീന്‍ പ്രശ്‌നത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സ്വന്തം ഭൂമിയും അവകാശങ്ങളും വീണ്ടെടുക്കുന്ന കാര്യത്തിൽ ഫലസ്തീനൊപ്പമാണ് സൗദി. യു.എന്‍ തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ സൗദി ഫലസ്തീനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയുടെ പിന്തുണയ്ക്ക് ഫലസ്തീൻ പ്രസിഡന്റ് നന്ദി പറഞ്ഞു. ഒന്നിച്ച് ലോക രാജ്യങ്ങൾ ഇസ്രയേൽ അതിക്രമം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യമന്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരത്തിനാണ് ശ്രമം. അത് ഫലം കാണും വരെ മുന്നിലുണ്ടാകും. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെയും സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചതിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

സുഡാന്‍ ജനതയുടെ സുരക്ഷയും നേട്ടങ്ങളും സംരക്ഷിക്കാനും സംഘര്‍ഷത്തിന് ചർച്ചയിലൂടെ പരിഹാരം കാണണം. റഷ്യക്കും ഉക്രൈനുമിടയില്‍ സൗദി അറേബ്യ മധ്യസ്ഥശ്രമങ്ങള്‍ തുടരും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംഘർഷങ്ങളവസാനിപ്പിച്ച് ഐക്യത്തിലേക്ക് നീങ്ങുകയാണ് അറബ് രാജ്യങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അറബ് ലീഗ് ഉച്ചകോടി. ജിദ്ദയിലെ പുതിയ ഉച്ചകോടിയോടെ പുതിയ ഐക്യമാണ് മേഖലയിൽ സാധ്യമാകുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News