സൗദിയിൽ തൊഴിലാളി കരാറുകൾ ഓൺലൈൻ വഴി ആറു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ കരാറുകൾ എല്ലാം ഓൺലൈൻ വഴിയാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു
സൗദിയിൽ തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള കരാർ ആറു മാസത്തിനകം ഓൺലൈൻ വഴിയാക്കണമെന്ന് തൊഴിൽ മന്ത്രാലയം. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓൺലൈൻ വഴി പൂർത്തിയാക്കണം. തൊഴിൽ തർക്കങ്ങൾ കുറക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പദ്ധതി.
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴിൽ കരാറുകൾ എല്ലാം ഓൺലൈൻ വഴിയാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. ഇക്കാര്യം ഇനി പരിശോധിക്കുക മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്. ആറു മാസത്തിനകം എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുമായുള്ള കരാർ ഖിവ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ശമ്പളം, ലീവ്, ആനുകൂല്യങ്ങൾ, കരാർ കാലാവധി എന്നിവയും ഇരു കൂട്ടരുടേയും അവകാശങ്ങളും ബാധ്യതകളും കരാറിൽ രേഖപ്പെടുത്തണം.
തൊഴിൽ തർക്കങ്ങളിൽ ഈ രേഖയാണ് മന്ത്രാലയം പരിഗണിക്കുക. അതിനാൽ കരാർ അപ്ലോഡ് ചെയ്യും മുന്നേ ഇരു കൂട്ടരും ഇക്കാര്യം വായിച്ച് ഒപ്പു വെക്കണം. നിലവിൽ സൗദിക്കകത്തുള്ള തൊഴിലാളികൾക്കാണ് ഇത് ബാധകമാവുക. വിദേശത്ത് നിന്നും പുതുതായി തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തും. നഴ്സിങ് അടക്കമുള്ള മേഖലയിലുളള ചൂഷണം ഇതോടെ തടയാനാകും. പുതിയ നീക്കം നടപ്പായാൽ വിദേശി തൊഴിലാളികൾക്ക് ഗുണമാകും.
കരാറിൽ പറഞ്ഞ ശമ്പളം വൈകിയതിനും നൽകാത്തതിനും ബാങ്ക് രേഖകളും തെളിവാകും. രാജ്യത്തെ തൊഴിഷ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി പൗരന്മാരുടെ കരാറുകൾ ഗോസി വഴിയാണ് നിലവിൽ ശേഖരിക്കുന്നത്. വിദേശികളുടേത് ഗോസി വഴി നാഷണൽ ഇൻഫർമേഷൻ സെന്ററിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഈ രേഖകൾ ഇനി മന്ത്രാലയത്തിന് ഖിവ പോർട്ടൽ വഴി നേരിട്ട് പരിശോധിക്കാനാകും.