വിശുദ്ധ നാട്ടിൽ കുതിച്ചുപായാൻ... ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേക്ക് 20 പുതിയ ട്രെയിനുകൾ
സ്പാനിഷ് കമ്പനിയായ ടാൽഗോയുമായി സൗദി റെയിൽവേ കരാർ ഒപ്പുവച്ചു
റിയാദ്: സൗദിയിലെ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേക്ക് 20 പുതിയ ട്രെയിനുകൾ കൂടിയെത്തുന്നു. ഇതിനായി സ്പാനിഷ് കമ്പനിയായ ടാൽഗോയുമായി സൗദി റെയിൽവേ കരാർ ഒപ്പുവച്ചു. സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് അൽജാസറിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. പ്രവർത്തന ശേഷി വർധിപ്പിക്കുകയും സേവന നിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. പുതിയ ട്രെയിനുകൾ 2028 അവസാനത്തോടെ ലഭ്യമായിത്തുടങ്ങും. 2031 ഓടെ പൂർണമായും ലഭിക്കുമെന്നുമാണ് പ്രതീക്ഷ. പ്രതിവർഷം 300 ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കാനാണ് നീക്കം.
നിലവിൽ 35 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുതിയവ കൂടി എത്തുന്നതോടെ ആകെ ട്രെയിനുകളുടെ എണ്ണം 55 ആയി ഉയരും, ഇത് ഉംറ, ഹജ്ജ് സീസണുകളിൽ സൗകര്യം വർധിപ്പിക്കും.
പുതിയ ട്രെയിനിൽ എട്ട് ഇക്കണോമി ക്ലാസും അഞ്ച് ബിസിനസ് ക്ലാസും ഉൾപ്പെടെ 13 കോച്ചുകൾ ഉണ്ടായിരിക്കും, ആകെ 417 യാത്രക്കാർക്ക് ഇരിക്കാനാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുമുണ്ടാകും.