ലൈസൻസില്ലാതെ നിയമവിരുദ്ധ ടാക്സി സർവീസ്...; ജനുവരിയിൽ പിടിയിലായത് 689 നിയമലംഘകർ
ലംഘനം ആവർത്തിക്കുന്ന വിദേശികൾക്ക് നാടുകടത്തൽ
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന 'കദ്ദാദ' നിയമലംഘനങ്ങളിൽ ഏർപ്പെട്ട 689 പേരെ ജനുവരിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) പിടികൂടി. ഇതിൽ 614 പേർ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങളിൽ സർവീസ് നടത്തിയതിനും (കാളിങ് ഔട്ട്) 75 പേർ നിയമവിരുദ്ധമായ മറ്റു രീതികളിൽ യാത്രക്കാരെ കൊണ്ടുപോയതിനുമാണ് പിടിയിലായത്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അതോറിറ്റി നടത്തിയ വ്യാപകമായ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായവരിൽ നിന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്തു. നിയമലംഘനം നടത്തുന്ന വിദേശികളെ സൗദിയിൽ നിന്ന് നാടുകടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.
പുതിയ ഗതാഗത നിയമമനുസരിച്ച് കാളിങ് ഔട്ട് ചെയ്യുന്നവർക്ക് 25 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും കുറ്റം ആവർത്തിച്ചാൽ 11,000 റിയാൽ വരെ പിഴയും ഈടാക്കും. അനിയന്ത്രിതമായ രീതിയിൽ ഗതാഗതം നടത്തുന്നവർക്ക് 20,000 റിയാൽ പിഴയും 60 ദിവസം വരെ വാഹനം പിടിച്ചെടുക്കലും ഉണ്ടാകും. ആവർത്തിച്ചുള്ള നിയമലംഘനമുണ്ടായാൽ വാഹനം പരസ്യ ലേലത്തിൽ വിൽക്കാനും കുറ്റക്കാരായ വിദേശികളെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ജനുവരിയിൽ മാത്രം ഇത്തരത്തിൽ 83 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.