സൗദിയിൽ കൂടുതൽ ഇ.വി ചാർജിങ് സ്‌റ്റേഷനുകൾ വരുന്നു
ഇന്റർസിറ്റി റോഡുകളിലാകും സ്റ്റേഷനുകൾ സ്ഥാപിക്കുക
റിയാദ്: സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റർസിറ്റി റോഡുകളിൽ ചാർജിങ് സേവനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള ഇന്ധന സ്റ്റേഷനുകളുമായി സഹകരിച്ചോ പുതിയ സ്വതന്ത്ര സ്റ്റേഷനുകൾ സ്ഥാപിച്ചോ ഈ വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭവന, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ ഇന്ധന സ്റ്റേഷനുകൾ ഇലക്ട്രിക് ചാർജിങ് സേവനങ്ങൾ നൽകണമെന്ന് നിർബന്ധമില്ല. സ്റ്റേഷൻ ഉടമകളുടെ താൽപര്യത്തിനും അവരുടെ സൗകര്യങ്ങൾക്കും അനുസരിച്ച് അവർക്ക് ഇതിൽ തീരുമാനമെടുക്കാം. എങ്കിലും, ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് കൂടുതൽ സ്റ്റേഷനുകൾ ചാർജിങ് സൗകര്യങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സ്റ്റേഷനുകളുടെ വികസനത്തിനും നവീകരണത്തിനും അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയം. ചാർജിങ് സ്റ്റേഷനുകളുടെ നിയന്ത്രണം, നിക്ഷേപം, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും ഏകീകരിച്ച് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.