റിയാദിൽ നാളെ മുതൽ പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം
റെസിഡൻഷ്യൽ ഏരിയകളിലാണ് പുതിയ രീതി
ദമ്മാം/റിയാദ്: സൗദിയിലെ റിയാദിൽ പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം നടപ്പാക്കുന്നു. റെസിഡൻഷ്യൽ ഏരിയകളിലെ പാർക്കിംഗ് നിയന്ത്രിക്കുന്നതാണ് പുതിയ രീതി. പാർക്കിംഗ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കുന്ന പുതിയ രീതിക്ക് നാളെ മുതൽ തുടക്കമാകും.
നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പാർക്കിംഗ് മാനേജ്‌മെൻറ് സംവിധാനം. റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴിൽ റെമാത് അൽ-റിയാദ് ഡെവലപ്മെന്റ് കമ്പനിയും എസ്ടിസിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. റെസിഡൻഷ്യൽ ഏരിയകളിലെ പാർക്കിംഗ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിയാദ് പാർക്കിംഗ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കും. ദേശീയ നഫാത്ത് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള പാർക്കിംഗ് ആപ്പ് മേഖലയിലെ താമസക്കാർക്ക് പെർമിറ്റുകൾ സൗജന്യമായി അനുവദിക്കുന്നതാണ് രീതി.
അൽ-വുറുദ്, അൽ-റഹ്‌മാനിയ, വെസ്റ്റേൺ അൽ-ഒലയ, അൽ-മുറൂജ്, കിംഗ് ഫഹദ്, അൽ-സുലൈമാനിയ എന്നിവയുൾപ്പെടുന്ന പതിനാറ് ജില്ലകളിലാണ് പുതിയ സംവിധാനം തുടക്കത്തിൽ നടപ്പാക്കുക. പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് കാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുടെ പരിശോധനകളുണ്ടാകും. തലസ്ഥാനത്തുടനീളമുള്ള 140,000-ത്തിലധികം പണമടയ്ക്കാത്ത റെസിഡൻഷ്യൽ സ്പെയ്സുകളും 24,000 പണമടച്ചുള്ള വാണിജ്യ സ്പെയ്സുകളും നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.