സൗദിയിൽ അഞ്ച് വർഷത്തിനിടെ നിക്ഷേപ ലൈസൻസ് എണ്ണത്തിൽ ഇരുപതിരട്ടി വർധന
ഓരോ മൂന്ന് മാസവും ഏഴായിരത്തോളം ലൈസൻസ്
റിയാദ്: സൗദിയിൽ നിക്ഷേപ ലൈസൻസ് നേടുന്ന വിദേശികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ ഇരുപതിരട്ടി വർധന. നിലവിൽ ഏഴായിരത്തോളം വിദേശ നിക്ഷേപ ലൈസൻസുകളാണ് ഓരോ മൂന്ന് മാസവും അനുവദിക്കുന്നത്. ബിനാമി വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ളതാണ് കണക്ക്.
ഈ വർഷത്തെ മൂന്നാം പാദത്തിൽ സൗദി അറേബ്യയിൽ നൽകിയ മൊത്തം നിക്ഷേപ ലൈസൻസുകളുടെ എണ്ണം 6986 ആണ്. 83.4% വർധനവാണ് ഉണ്ടായത്. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും നാലിരട്ടി വർധനവ് ഉണ്ടായി. 24.2 ശതമാനത്തിന്റെ വളർച്ചയോടെ 119.2 ബില്യൺ സൗദി റിയാലിലെത്തി.
മൂന്നു വർഷത്തിനിടെ ഏറ്റവും ഉയർന്ന വളർച്ചയാണ് ഉണ്ടായത്. ആകെ നൽകിയ ലൈസൻസുകളുടെ 37 ശതമാനം നിർമാണ മേഖലയിൽ നിന്നാണ്. 2583 ലൈസൻസുകൾ ഈ മേഖലക്ക് മാത്രമായി നൽകി. മൊത്ത ചില്ലറ വ്യാപാര മേഖലയിലാണ് ലൈസൻസുകളിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് കൈവരിച്ചത്.
വാർഷിക വളർച്ച നിരക്ക് 234 ശതമാനമാണ്. ആരോഗ്യം, വിദ്യാഭ്യാസം, താമസം, ഭക്ഷ്യ സേവനമേഖലകൾ എന്നിവയിലും 100% വളർച്ച കൈവരിച്ചു. വാണിജ്യ മേഖലയിലെ നിയമലംഘർക്കെതിരെയും പദവി തിരുത്തുന്നതിനുമായി നടത്തിയ ക്യാമ്പയിന്റെ വിജയമാണ് ഉയർന്ന വളർച്ച നിരക്ക്.