ഹാജിമാരെ വിളിച്ച് മിനാ നഗരി; തീർഥാടകർ നാളെ പുറപ്പെടും
വ്യാഴാഴ്ചയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം
മക്ക: ഹജ്ജ് കർമങ്ങൾക്കായി തീർഥാടകർ നാളെ മിനായിലേക്ക് പുറപ്പെടും. രാത്രിയിലാകും ഹാജിമാരുടെ യാത്ര തുടങ്ങുക. ബുധനാഴ്ച മുഴുവൻ ഹാജിമാരും മിനാ നഗരിയിൽ ഒത്തുചേരും.
നാളെ രാത്രി മുതൽ ഇന്ത്യക്കാരും ബസ്സുകളിൽ മിനായിലേക്ക് പുറപ്പെടും. ബുധനാഴ്ചയാണ് യൗമു തർവിയ ദിനം. അതായത് ഹജ്ജിനായി അറഫയിലേക്ക് പോകാൻ ഹാജിമാർ ഒരുങ്ങുന്ന ദിനം. ഈ വാക്കിനർഥം ദാഹമകറ്റുന്ന ദിനം എന്നാണ്. പണ്ട് ഹജ്ജിന് പോകുന്നവർ വെള്ളം ശേഖരിക്കുന്ന ദിനമായിരുന്നു അത്.
വ്യാഴാഴ്ചയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. അറഫയാണ് ഹജ്ജ്. അറഫ ലഭിക്കാത്ത ഹാജിക്ക് ഹജ്ജ് ലഭിക്കില്ല. ഇതിനാൽ ആശുപത്രയിൽ ഉള്ളവരെയടക്കം മതിയായ മെഡിക്കൽ സംവിധാനങ്ങളോടെ അറഫയിലെ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച ഉച്ച മുതൽ സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ കഴിയും. സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ ആകാശം മേൽക്കൂരയാക്കി വിശ്രമം. വെള്ളിയാഴ്ച, അഥവാ ബലിപെരുന്നാൾ ദിനത്തിലാണ് ഹാജിമാർക്ക് ഏറ്റവും തിരക്കുള്ള ദിനം. അന്ന് മുസ്ദലിഫയിൽ നിന്നെത്തുന്ന ഹാജിമാർ നേരെ ജംറയിലെത്തി കല്ലേറ് കർമം പൂർത്തിയാക്കും. ശേഷം കഅ്ബക്കരികിലേക്കും തിരിച്ചും എട്ട് കി.മീ ദൂരത്തോളം നടക്കാനുണ്ടാകും. ത്വവാഫും സഫാ മർവാ പ്രയാണവും പൂർത്തിയാക്കിയ ശേഷം മുടിമുറിക്കുന്നതോടെ ഹജ്ജിന് അർധവിരാമമാകും. ബലികർമവും ആ ദിവസം ഹാജിമാർക്കുണ്ട്. ഇതിനുള്ള കൂപ്പണുകൾ ഹാജിമാർക്ക് നേരത്തെ നൽകുന്നുണ്ട്. പിന്നീട് മിനായിലേക്ക് തന്നെ ഹാജിമാർ തിരികെയെത്തും. അവിടെ ശനി, ഞായർ എന്നിങ്ങിനെ രണ്ട് ദിനം കൂടി കല്ലേറ് കർമം.
ദൈവത്തിന്റെ തീരുമാനം നടപ്പാക്കാൻ നീങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗങ്ങൾ സ്മരിച്ചാണ് ഹജ്ജിന്റെ ഓരോ കർമങ്ങളും. ദൈവ മാർഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ചിന്തകളെയും രീതികളേയും പ്രതീകാത്മകമായി ഹാജിമാർ ജംറയിൽ കല്ലെറിഞ്ഞുടയക്കുന്നു. തിങ്കളാഴ്ചയോടെ മുഴുവൻ ഹാജിമാരും മിനായോട് വിടപറയും.