ജനകീയമായി ക്ളൈജ; ബുറൈദയിലെ ഫെസ്റ്റിവലിൽ പ്രതിദിനം എത്തിയത് 30,000 സന്ദർശകർ
അന്താരാഷ്ട്ര ബുറൈദ ക്ളൈജ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്തു
Update: 2026-01-20 11:20 GMT
റിയാദ്: സൗദിയിലെ ബുറൈദയിൽ നടന്ന സാംസ്കാരിക ഉത്സവമായ 17-ാമത് ക്ളൈജ ഫെസ്റ്റിവൽ ജനകീയമായി. ഫെസ്റ്റിവലിൽ ദിവസവും ഏകദേശം 30,000 സന്ദർശകരാണ് എത്തിയത്. കിങ് ഖാലിദ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഫെസ്റ്റിവൽ സന്ദർശകത്തിരക്ക് പരിഗണിച്ച് ഖസീം ഗവർണർ പ്രിൻസ് ഡോ. ഫൈസൽ ബിൻ മിശ്അലിന്റെ നിർദേശ പ്രകാരം ഒരു ആഴ്ച കൂടി നീട്ടി ജനുവരി 17-ന് സമാപിച്ചിരുന്നു.
സാംസ്കാരിക പ്രവർത്തനങ്ങളെ ആഘോഷമാക്കി നിക്ഷേപവും വികസനവും പ്രോത്സാഹിപ്പിച്ച വേദി പൈതൃക സംരക്ഷണത്തിന്റെ ടൂറിസം സാധ്യതകളെ എടുത്തുകാട്ടി. വർധിച്ചു വരുന്ന ആഗോള സാന്നിധ്യം അറിയിക്കുന്നതിനായി മേളയെ അന്താരാഷ്ട്ര ബുറൈദ ക്ളൈജ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്തു. മേളയിൽ തുർക്കി, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായിരുന്നു.