2025 നാലാം പാദം; സൗദിയിൽ കാർ റെന്റിനെടുത്തത് 17 ലക്ഷത്തിധികം ഉപയോക്താക്കൾ
രജിസ്റ്റർ ചെയ്ത കരാറുകളിൽ 33.91%വുമായി റിയാദ് ഒന്നാമത്
റിയാദ്: സൗദിയിൽ വ്യക്തികൾക്കായി നൽകിയ ഏകീകൃത ഇലക്ട്രോണിക് കാർ റെന്റൽ കരാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2025 നാലാം പാദത്തിൽ കാർ റെന്റിനെടുത്തത് 17 ലക്ഷത്തിധികം ഉപയോക്താക്കളാണെന്ന് പൊതു ഗതാഗത അതോറിറ്റി വ്യക്തമാക്കി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെന്റൽ മേഖലയിൽ 9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കാർ വാടകയ്ക്കെടുക്കുന്നതിനുള്ള ആവശ്യം ക്രമാനുഗതമായി വർധിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഏകീകൃത ഇലക്ട്രോണിക് കരാർ സംവിധാനം വാടകയ്ക്ക് കൊടുക്കുന്നയാളുടെയും വാടകയ്ക്കെടുക്കുന്നയാളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ഇരുവർക്കുമിടയിലുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വാടക പ്രക്രിയകൾ എളുപ്പമാക്കി ഈ മേഖലയുടെ കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കും.
രജിസ്റ്റർ ചെയ്ത കരാറുകളിൽ 33.91%വുമായി റിയാദ് പ്രവിശ്യയാണ് പട്ടികയിൽ ഒന്നാമത്. മക്ക 23.55%വുമായി രണ്ടാമതും കിഴക്കൻ പ്രവിശ്യ 15.28% ത്തോടെ മൂന്നാമതുമാണ്. അസീർ 5.93%, മദീന 5.90% ,ഖസീം 4.62% എന്നിങ്ങനെ നാല്, അഞ്ച്, ആറ് സ്ഥാനത്താണ്. ജിസാൻ 3.44% , തബൂക്ക് 2.72% എന്നിങ്ങനെയും രേഖപ്പെടുത്തി. 0.52%ത്തോടെ ഏറ്റവും കുറവ് കരാറുകളുമായി അൽ ബഹയാണ് പട്ടികയിൽ അവസാനത്തിലുള്ളത്.