വായനക്കാർക്ക് സ്വാഗതം; സൗദിയിൽ ബുക്ക് ഫെയറിന് തുടക്കമായി
ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകരാണ് പങ്കെടുക്കുക
റിയാദ്: സൗദിയിൽ ഈ വർഷത്തെ റിയാദ് ബുക്ക് ഫെയറിന് തുടക്കമായി. പ്രിൻസസ് നൂറാ സർവകലാശാലയിൽ ഇന്നലെയായിരുന്നു മേളയുടെ പ്രൗഢമായ തുടക്കം. ജനറൽ അതോറിറ്റി ഫോർ ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻഡ് ട്രാൻസ്ലേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ഇരുപത്തി അഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുക. അറബ്, അന്താരാഷ്ട്ര സാംസ്‌കാരിക സ്ഥാപനങ്ങളും പങ്കാളിയാവും.
രാവിലെ 11 മുതൽ രാത്രി 12 വരെയായിരിക്കും പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം 2 മുതൽ രാത്രി 12 വരെയും പ്രവേശനമുണ്ടായിരിക്കും. ഉസ്ബെക്കിസ്ഥാനാണ് ഇത്തവണത്തെ അഥിതി രാജ്യം. സെമിനാറുകൾ, സംവാദങ്ങൾ, കവിതാവേദികൾ, നാടകം, വർക്ക്ഷോപ്പുകൾ , 45 ലധികം വ്യത്യസ്ത ബിസിനസ് ഇവന്റുകൾ തുടങ്ങിയവ മേളയുടെ ഭാഗമാകും. അറബ്, അന്താരാഷ്ട്ര എഴുത്തുകാരുടെയും ചിന്തകരുടെയും പ്രത്യേക പരിപാടികളും മേളക്ക് മാറ്റ് കൂട്ടും. ഈ മാസം പതിനൊന്ന് വരെ മേള തുടരും.