ജനപ്രിയമായി റിയാദ് സീസൺ; 35 ദിവസത്തിൽ മുപ്പത് ലക്ഷം സന്ദർശകർ
ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് കഴിഞ്ഞ ആഴ്ചകളിൽ
Update: 2025-11-17 15:58 GMT
റിയാദ്: റിയാദ് സീസണിൽ സന്ദർശകരായെത്തിയവരുടെ എണ്ണം മുപ്പത് ലക്ഷം കടന്നതായി കണക്കുകൾ. മുപ്പത്തി അഞ്ചു ദിവസത്തെ കണക്കുകളാണ് പുറത്തു വന്നത്. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് കഴിഞ്ഞ ആഴ്ചകളിലാണെന്നും കണക്കുകൾ പറയുന്നു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ കീഴിലാണ് സീസൺ അരങ്ങേറുന്നത്.
മിസ്റ്റർ ബീസ്റ്റ് സോൺ, അന അറേബ്യൻ എക്സിബിഷൻ, സുവൈദി പാർക്ക്, ബുലെവാർഡ് സിറ്റി, ബുലെവാർഡ് വേൾഡ്, കിംഗ് ലീഗ് ടൂർണമെന്റ് എന്നിവയിലാണ് സന്ദർശകരിൽ കൂടുതലും എത്തിയത്.
വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ സുവൈദി പാർക്കിൽ തുടരുകയാണ്. നിലവിൽ ഈജിപ്ത് ഫെസ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ, ബോക്സിങ്, ലോക ചാമ്പ്യൻഷിപ്പുകൾ, എക്സിബിഷൻ തുടങ്ങിയവയും സീസണിന്റെ ഭാഗമായി പുരോഗമിക്കുന്നുണ്ട്. സിറിയയാണ് ഇത്തവണത്തെ അതിഥി രാജ്യം.