സൗദിയും ഒമാനും സംയുക്ത ടൂറിസം വിസക്ക് തുടക്കം കുറിക്കുന്നു
ഈ വിസകളുപയോഗിച്ച് ഇരു രാജ്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം
സൗദിയും ഒമാനും സംയുക്ത ടൂറിസം വിസക്ക് തുടക്കം കുറിക്കുന്നു. ഈ വിസകളുപയോഗിച്ച് ഇരു രാജ്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം. രണ്ട് രാജ്യങ്ങളും ചേർന്ന് സംയുക്ത ടൂറിസം സീസൺ കലണ്ടറും പുറത്തിറക്കും. ഇരു രാജ്യങ്ങളിലേയും ടൂറിസം മന്ത്രുമാരുടെ ചർച്ചയിലാണ് തീരുമാനം. സൌദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബിൻ്റെ ഒമാൻ സന്ദർശനത്തിൽ ഒമാൻ ടൂറിസം മന്ത്രി സാലിം അൽ മഹ്റൂക്കിയുമായി നടത്തിയകൂടിക്കാഴ്ചയിലാണ് സംയുക്ത ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.
ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും പൌരന്മാരെയും അന്താരാഷ്ട്ര വിനോദ സഞ്ചാരികളേയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുക.ഇതിൻ്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമായി ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കും. കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ സീസണൽ വിനോദയാത്ര സംഘടിപ്പിക്കുക. സംയുക്ത ടൂറിസം കലണ്ടർ പുറത്തിറക്കുക തുടങ്ങി നിരവധി തീരുമാനങ്ങൾ വേറെയുമുണ്ട്.
വ്യാപാര, നിക്ഷേപ രംഗത്തെ സഹകരണം, ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾ, ഇരു രാജ്യങ്ങളിലെയും ടൂറിസത്തിൽ താൽപ്പര്യമുള്ള സംരംഭകരെ പിന്തുണക്കൽ എന്നിവയും ഇരുവരും ചർച്ച ചെയ്തു. ഏകീകൃത ടൂറിസം വിസ നടപ്പിലാകുന്നതോടെ ഒരു വിസയിൽ തന്നെ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും അവസരം ലഭിക്കും. നിലവിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇരു രാജ്യങ്ങൾക്കുമിടെയിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.