സൗദിയും യുഎസും സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ചു; മയക്കുമരുന്ന് നിയന്ത്രണത്തിൽ സഹകരണം വർധിപ്പിക്കും
ട്രംപിന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനങ്ങൾ
റിയാദ്: സൗദി അറേബ്യയും അമേരിക്കൻ ഏജൻസികളും തമ്മിൽ സുരക്ഷാ, മയക്കുമരുന്ന് നിയന്ത്രണ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദിന്റെ നേതൃത്വത്തിലായിരുന്നു കരാറുകളിൽ ഒപ്പുവെച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനങ്ങൾ. സുരക്ഷാ ഏജൻസികളുടെ ശേഷി വർധിപ്പിക്കുക, മാനവ വിഭവശേഷി വികസിപ്പിക്കുക, അറിവ് കൈമാറ്റം, മയക്കുമരുന്ന് നിയന്ത്രണം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറുകൾക്കാണ് ധാരണയായത്.
സുരക്ഷാ രംഗത്തെ സഹകരണത്തിന് പുറമെ, ഊർജം, നിക്ഷേപം, കമ്മ്യൂണിക്കേഷൻ, ബഹിരാകാശം, ആരോഗ്യം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വ്യാപിപ്പിക്കും.