സന്നദ്ധ പ്രവര്‍ത്തകരും സുഹൃത്തുക്കളും തുണയായി; നിയമക്കുരുക്കിലകപ്പെട്ട മലയാളിക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി
സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ മുജീബ് പരസഹായത്തിലാണ് ഒടുവില്‍ മടങ്ങുന്നത്
സൗദിയിലെ ദമ്മാമില്‍ നിയമ കുരുക്കില്‍ അപകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായ മലയാളിക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അവസരമൊരുങ്ങി. മലപ്പുറം തവനൂര്‍ സ്വദേശി അബ്ദുല്‍ മുജീബിനെയാണ് സ്പോണ്‍സര്‍ നിയമകുരുക്കില്‍ പെടുത്തിയത്. സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ മുജീബ് പരസഹായത്തിലാണ് ഒടുവില്‍ മടങ്ങുന്നത്. സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരും സുഹൃത്തുക്കളും തുണയായി.
പതിമൂന്ന് വര്‍ഷമായി ദമ്മാമിലുള്ള അബ്ദുല്‍ മുജീബ് ഫാബ്രിക്കേഷന്‍ രംഗത്ത് ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അവാസാനമായി നാട്ടില്‍ പോയി വന്നത്. സ്പോണ്‍സറുമായി തെറ്റിയ മുജീബിനെ ഹുറൂബ് അഥവ ഓളിച്ചോട്ടത്തില്‍ പെടുത്തി. ഇതോടെ താമസ രേഖയില്ലാതെയായി. ഇതിനിടെ സ്ട്രോക്ക് ബാധിച്ച് കിടപ്പിലുമായി.
രണ്ട് മാസത്തോളം ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു. സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതിന് വഴിയൊരുങ്ങിയത്. ബദര്‍ അല്‍ റബിഅ മെഡിക്കല്‍ സെന്റര്‍ മേധാവി അഹമ്മദ് പുളിക്കന്‍ വീല്‍ചെയറും വിമാന ടിക്കറ്റും നല്‍കി. ഡോക്ടര്‍ ബിജു വര്‍ഗീസ് യാത്രക്കാവശ്യമായ മെഡിക്കല്‍ സഹായങ്ങളും ശരിയാക്കി നല്‍കി. വീല്‍ ചെയറില്‍ കൂട്ട് കാരന്റെ സഹായത്തോടെയാണ് ഒടുവില് നാട്ടിലേക്ക് മടങ്ങുന്നത്.