Writer - razinabdulazeez
razinab@321
റിയാദ്: കടലിൽ കാണുന്ന പ്രത്യേക പ്രതിഭാസമായ ബ്ലൂ ഹോളുകൾ സംരക്ഷിക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ. കടലിൽ നീല വൃത്താകൃതിയിൽ രൂപപ്പെടുന്ന ആഴമേറിയ കുഴികളാണ് ബ്ലൂ ഹോളുകൾ. പ്രകൃതി കടലിൽ തീർക്കുന്ന പ്രതിഭാസമാണിത്. മക്ക, അസീർ, ജിസാൻ എന്നിവിടങ്ങളിലായി 25ലധികം ബ്ലൂ ഹോളുകൾ കണ്ടെത്തിയിട്ടുണ്ട്. 16,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ് ഇവ നിലകൊള്ളുന്നത്. കടലാമകൾ, റീഫ് മത്സ്യങ്ങൾ, സമുദ്ര സസ്തനികൾ, വിവിധ ജലജീവികൾ, കുറഞ്ഞ പ്രകാശത്തിലും ഓക്സിജനിലും ജീവിക്കുന്ന പ്രത്യേക ജീവികൾ തുടങ്ങിയ ജൈവവൈവിധ്യത്താൽ സമ്പന്നമാണ് ഓരോ ബ്ലൂ ഹോളുകളും. ഭൂചലനം, പാറ പൊട്ടൽ, തുടങ്ങി ദശലക്ഷക്കണക്കിന് വർഷങ്ങളിലെ ഭൂമിശാസ്ത്ര പ്രക്രിയകളുടെ ഫലമായാണ് ഇവ രൂപപ്പെടുന്നത്. നിരവധി പഠന സാധ്യതകൾ തുറന്നിടുന്നതാണ് ഇത്തരം ഓരോ ഹോളുകളും.