സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള പുതിയ നിയമങ്ങൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകൾക്ക് മാത്രമായിരിക്കും നിയന്ത്രണം
റിയാദ്: സൗദി അറേബ്യയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങളിൽ പുതിയ നിബന്ധനകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മാനസികാവസ്ഥയെ ബാധിക്കുന്ന സൈക്കോട്രോപിക് അല്ലെങ്കിൽ നാർക്കോട്ടിക് പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾക്ക് പ്രത്യേക ക്ലിയറൻസ് പെർമിറ്റ് നിർബന്ധമാക്കും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകം.
ഇത്തരം മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുൻപ് തന്നെ പ്രത്യേക അനുമതി (ക്ലിയറൻസ് പെർമിറ്റ്) നേടിയിരിക്കണം. ഇത് ലഭിക്കുന്നതിന് മരുന്നിന്റെ പേര്, രാസനാമം, രോഗിയുടെ വിവരങ്ങൾ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പ്രിസ്‌ക്രിപ്ഷൻ, മരുന്നിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കണം. എസ്.എഫ്.ഡി.എയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ.
അനുമതി ലഭിച്ചാൽ അതിന്റെ പ്രിന്റ്ഔട്ട് സഹിതം യാത്രയിൽ മരുന്നുകൾ കൈവശം വയ്ക്കാവുന്നതാണ്. യാത്രക്കാർക്ക് സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ ഇത്തരത്തിൽ മരുന്നുകൾ കൊണ്ടുപോകാം.
മരുന്നുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ cds.sfda.gov.sa എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ വ്യക്തിഗത അക്കൗണ്ട് സൃഷ്ടിച്ച് ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ചാൽ പെർമിറ്റ് ലഭിക്കും. നവംബർ ഒന്ന് മുതൽ ഈ നിയമം കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.