സൗദിയുടെ നുസുക് ആപ്പിന് ലോകമെമ്പാടും 5 കോടിയിലധികം ഉപയോക്താക്കൾ
തീർഥാടകർക്കായി 10ലധികം സേവനങ്ങളാണ് നിലവിൽ നൽകുന്നത്
ജിദ്ദ: തീർഥാടകർക്ക് ആധുനിക ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന സൗദി അറേബ്യയുടെ നുസുക് ആപ്ലിക്കേഷൻ വൻ നേട്ടത്തിലേക്ക്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി 51 ദശലക്ഷം പിന്നിട്ടതായി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ റബിയ അറിയിച്ചു. മദീനയിൽ നടന്ന മൂന്നാമത് ഉംറ സിയാറ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉംറ തീർഥാടനവും പുണ്യസ്ഥലങ്ങളിലെ സന്ദർശനവും കൂടുതൽ ലളിതമാക്കുന്നതിനായി 130ലധികം സേവനങ്ങളാണ് നിലവിൽ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നത്.
തീർഥാടകരുടെ ആത്മീയ യാത്രയിൽ ഒരു വഴികാട്ടിയായി നുസുക് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉംറ പെർമിറ്റുകൾ എടുക്കാനും മദീനയിലെ റൗദ ശരീഫ് സന്ദർശനത്തിന് അനുമതി തേടാനും തിരക്ക് മുൻകൂട്ടി അറിയാനുമെല്ലാം ആപ്പ് ഏറെ സഹായകരമാണ്. അന്താരാഷ്ട്ര യാത്രാ പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തം വഴി വിദേശങ്ങളിൽ നിന്നുള്ളവർക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.