തൊഴിലില്ലായ്മ നിരക്കിൽ ചരിത്രം തിരുത്തി സൗദി വനിതകൾ; 25 വർഷത്തെ ഏറ്റവും താഴ്‌ന നിലയിൽ

2025 അവസാന പാദത്തിൽ സ്വദേശി തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞു

Update: 2026-03-31 11:50 GMT

റിയാദ്: സൗദി അറേബ്യയിലെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. 2025ന്റെ നാലാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശി തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞത്. വിഷൻ 2030 പദ്ധതി വിഭാവനം ചെയ്ത 7 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം വെറും 0.2 ശതമാനം മാത്രം അകലെയാണെ്. 2025ന്റെ ആദ്യ പാദത്തിൽ 6.3 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയെങ്കിലും മൂന്നാം പാദത്തിൽ ഇത് 7.5 ശതമാനമായി ഉയരുകയായിരുപന്നു. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

Advertising
Advertising

കൂടാതെ സ്ത്രീ ശാക്തീകരണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണ്. 2025 അവസാന പാദത്തിൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമായി കുറഞ്ഞു. 1999ൽ വിവരശേഖരണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുൻപ് 34.5 ശതമാനമായിരുന്ന വനിതാ തൊഴിലില്ലായ്മയാണ് ഇപ്പോൾ ഈ നിലയിലേക്ക് താഴ്ന്നത്. അതേസമയം, തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 34.5 ശതമാനമായി ഉയരുകയും ചെയ്തു. ഇത് വിഷൻ 2030 നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 64.7 ശതമാനമായും ഉയർന്നു.

അതേസമയം രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് (വിദേശികളും സ്വദേശികളും ഉൾപ്പെടെ) നേരിയ വ്യത്യാസത്തോടെ 3.5 ശതമാനത്തിൽ തുടരുകയാണ്. മൂന്നാം പാദത്തെ അപേക്ഷിച്ച് ഇതിൽ 0.1 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി ജനസംഖ്യയിലെ തൊഴിലെടുക്കുന്നവരുടെ അനുപാതം 45.9 ശതമാനമായും ഉയർന്നിട്ടുണ്ട്. തൊഴിൽ മേഖലയിലെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ 0.6 ശതമാനം വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. കൂടുതൽ യുവാക്കളും സ്ത്രീകളും തൊഴിൽ വിപണിയിലേക്ക് എത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ട്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News