സൗദിയിലെ ഉറൂഖ് ബനീ മആരിദ് സംരക്ഷിത മേഖലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം; ഐയുസിഎൻ ഗ്രീൻ ലിസ്റ്റിൽ ഇടം നേടി
നേരത്തെ യുനസ്കോയുടെ പൈതൃക പട്ടികയിലും പ്രദേശം ഇടം പിടിച്ചിട്ടുണ്ട്
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംരക്ഷിത മേഖലയായ ഉറൂഖ് ബനീ മആരിദ്, അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങളുടെ പട്ടികയായ ഐയുസിഎൻ ഗ്രീൻ ലിസ്റ്റിൽ ഇടം നേടി. നേരത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഈ പ്രദേശം ഇടം പിടിച്ചിരുന്നു.
പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങൾക്ക് ലഭിക്കുന്ന ഗ്ലോബൽ സ്റ്റാൻഡേർഡ് അംഗീകാര പട്ടികയാണ് ഐയുസിഎൻ ഗ്രീൻ ലിസ്റ്റ്. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ റുബ്അ് അൽ ഖാലിയുടെ പടിഞ്ഞാറൻ ഭാഗത്താണ് ഉറൂഖ് ബനീ മആരിദ് റിസർവ് സ്ഥിതി ചെയ്യുന്നത്. 'എംപ്റ്റി ക്വാർട്ടർ' എന്നും ഇതറിയപ്പെടുന്നു. ഒരു മരുഭൂമി മേഖലയാണെങ്കിലും, മരുഭൂമിയിലെ തനതായ ജീവിവർഗ്ഗങ്ങളാൽ ഈ പ്രദേശം ജൈവ മ്പന്നമാണ്.
സൗദി അറേബ്യ ഉൾപ്പെടെ അറബ് മേഖലയിലെ വിവിധതരം ജീവികളുടെ പരിണാമത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. കാലക്രമേണ ഈ മേഖലയിലെ ചൂട് വർധിക്കുകയും മണൽപ്പരപ്പുകൾക്ക് വഴിമാറുകയും ചെയ്തു. നിലവിൽ സൗദിയിലെ സംരക്ഷിത വനമേഖലയായി ഈ പ്രദേശം നിലനിർത്തപ്പെടുന്നു.
കണക്കുകൾ പ്രകാരം 120-ലധികം തദ്ദേശീയ സസ്യജാലങ്ങൾ ഇവിടെയുണ്ട്. ഇവയുടെ നിലനിൽപ്പിന് ആവശ്യമായ എല്ലാ സംരക്ഷണ പ്രവർത്തനങ്ങളും സൗദി ഭരണകൂടം ചെയ്തുവരുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം പരിഗണിച്ചാണ് ഉറൂഖ് ബനീ മആരിദിന് ഐയുസിഎൻ ഗ്രീൻ ലിസ്റ്റ് അംഗീകാരം ലഭിച്ചത്.