കെട്ടിടനിര്‍മാണത്തില്‍ സൗദി വാസ്തുവിദ്യ, ഏഴ് നഗരങ്ങളില്‍ കൂടി പദ്ധതിക്ക് തുടക്കം
ദമ്മാം, അല്‍ഖോബാർ, ഖത്തീഫ്, ഹായിൽ, അൽ-ബഹ, മദീന, നജ്‌റാൻ എന്നീ നഗരങ്ങളിലാണ് ഈ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്
റിയാദ്: സൗദി വാസ്തുവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള കെട്ടിടനിര്‍മാണത്തിലും പരിപാലനത്തിലും ശ്രദ്ധനൽകി സൗദി അറേബ്യ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കമായി. ദമ്മാം, അല്‍ഖോബാർ, ഖത്തീഫ്, ഹായിൽ, അൽ-ബഹ, മദീന, നജ്‌റാൻ എന്നീ നഗരങ്ങളിലാണ് ഈ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പ്രധാന സർക്കാർ പദ്ധതികളിലും വാണിജ്യ കെട്ടിടങ്ങളിലുമാണ് നിബന്ധന ബാധകമാവുക. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളെ അടിസ്ഥമാക്കി രൂപകല്‍പ്പന ചെയ്ത 19 മോഡലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗദി വാസ്തുവിദ്യ ഡിസൈൻ മാർഗനിർദേശങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ പുറത്തിറക്കിയ വാസ്തുവിദ്യ മാതൃകയുടെ അടിസ്ഥാനത്തിലാണ് മോഡലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം അബഹ, തായിഫ്, അൽ-അഹ്‌സ നഗരങ്ങളില്‍ നടപ്പാക്കിയിരുന്നു.