സൗദി കിരീടാവകാശി ഇന്ന് യുഎസിലെത്തും; ഫലസ്തീൻ ഉൾപ്പെടെ വിഷയങ്ങളിൽ ചർച്ച
സൗദിക്കുള്ള പ്രതിരോധ കരാറുകളും ചർച്ചയാകും
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശനത്തിനായി ഇന്ന് യുഎസിലെത്തും. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി വിവിധ വിഷയങ്ങളിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി അറേബ്യ യുഎസിനെ ചർച്ചക്ക് മുന്നോടിയായി അറിയിച്ചിരുന്നു. സൗദിക്ക് എഫ്-35 ഉൾപ്പെടെ പ്രതിരോധ പാക്കേജുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഇസ്രായേൽ സൗദി ബന്ധം നടപ്പാക്കി അബ്രഹാം അക്കേഡിലേക്ക് കൂടുതൽ രാജ്യങ്ങളെ എത്തിക്കാൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്ന് സൗദി കിരീടാവകാശി യുഎസിലെത്തുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധമാകാം പക്ഷേ, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വഴിയൊരുങ്ങണം എന്നതാണ് സൗദി നിലപാട്. ഫലസ്തീൻ രാഷ്ട്രം സാധ്യമല്ലെന്ന് ഇസ്രായേൽ ഭരണകൂടം ആവർത്തിച്ചതോടെ സൗദിയും നിലപാടിൽ ഉറച്ചു നിൽക്കും. ഇതോടെ വിട്ടുവീഴ്ചക്കായി ട്രംപ് ഇസ്രായേലിനോട് വീണ്ടും സംസാരിച്ചേക്കുമെന്നാണ് സൂചന.
ഒക്ടോബർ ഏഴിന് ശേഷം മറ്റുള്ളവർ ഒപ്പിട്ട പോലെ അബ്രഹാം അക്കോഡിൽ ഒപ്പിടാൻ സൗദിക്ക് സാധിക്കില്ലെന്നാണ് യുഎസ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആവർത്തിക്കുന്നത്. ഇസ്രായേൽ ബന്ധം സ്ഥാപിച്ചാൽ മാത്രം സൗദിക്ക് ലഭിക്കുമായിരുന്നു ആയുധങ്ങൾ നൽകാൻ, അതില്ലാതെ തന്നെ ട്രംപ് ഒരുക്കമാണ്. ഫലസ്തീന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധത്തിലേക്ക് പോയാൽ അത് സൗദിക്ക് ദേശസുരക്ഷാ പ്രശ്‌നത്തിന് കാരണമാകുമെന്ന വിലയിരുത്തൽ യുഎസിനും ഉണ്ട്. ഈ സാഹചര്യത്തിൽ എഫ്-35 ഉൾപ്പെടെ വൻ ആയുധ പാക്കേജുകൾ ഈ സന്ദർശനത്തിൽ കരാറുണ്ടാകും. ഇതിനു പുറമെ എ.ഐ, റിയൽഎസ്റ്റേറ്റ്, വിനോദം, ബഹിരാകാശം തുടങ്ങി ഏഴ് മേഖലകളിലെ വിവിധ കരാറുകളും ഒപ്പുവെച്ചേക്കും.