ചരക്കുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 8 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദി കസ്റ്റംസ് പിടിച്ചെടുത്തു

കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്

Update: 2022-01-14 15:00 GMT
Advertising

8.3 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് തുറമുഖത്ത് വച്ച് തടഞ്ഞതായി സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. തുറമുഖം വഴി രാജ്യത്തേക്കെത്തിയ രണ്ട് ചരക്ക് ലോഡുകളില്‍നിന്നായാണ് ഒളിപ്പിച്ച നിലയില്‍ ഗുളികകള്‍ കണ്ടെത്തിയത്.

തുറമുഖത്തെത്തിയ ഉള്ളിയും പഴങ്ങളുമടങ്ങിയ ചരക്കുകള്‍ക്കൊപ്പം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് ആദ്യം പരാജയപ്പെടുത്തിയത്. സുരക്ഷാ സാങ്കേതിക വിദ്യകളും പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗുകളുടേയും സഹായത്തോടെയാണ് ചരക്കിനുള്ളില്‍ ഒളിപ്പിച്ച 3 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന്, സിലിക്കണ്‍ ബാരലുകളുമായി തുറമുഖത്തെത്തിയ ചരക്കുകള്‍ക്കിടയില്‍നിന്ന് 5 ദശലക്ഷത്തിലധികം കാപ്റ്റഗണ്‍ ഗുളികകള്‍ കൂടി പിടിച്ചെടുത്തതായും കസ്റ്റംസ് അറിയിച്ചു.

to watch on twitter

രാജ്യത്തിനകത്ത് ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ചരക്കുകളെത്തുന്നതെന്ന് പരിശോധിച്ച്, അവരുടെ അറസ്റ്റ് ഉറപ്പാക്കാനായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടതായും അതോറിറ്റി വിശദീകരിച്ചു.കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. സുരക്ഷാ ആശയവിനിമയങ്ങള്‍ക്കായി 1910 എന്ന നമ്പരിലോ, അന്താരാഷ്ട്ര നമ്പരായ 00966114208417 വഴിയോ, അല്ലെങ്കില്‍ ഇ-മെയില്‍ മുഖേനയോ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങളും തുടര്‍ന്നുള്ള നടപടിക്രമങ്ങളും പൂര്‍ണ്ണ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും, നല്‍കിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ക്ക് സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News