ക്രൂഡ് ഓയിൽ ഉൽപാദനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് സൗദി ഊർജ്ജ മന്ത്രി

നിലവിൽ പ്രതിദിനം തൊണ്ണൂറ് ലക്ഷം ബാരലാണ് ക്രൂഡ് ഓയിൽ ഉൽപാദനം

Update: 2024-10-30 13:05 GMT

ദമ്മാം: ക്രൂഡ് ഓയിൽ ഉൽപാദനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് സൗദി ഊർജ്ജ മന്ത്രി. പ്രതിദിന ഉൽപാദനം 12.3 ദശലക്ഷമായി പുനസ്ഥാപിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഒപെക് കൂട്ടായ്മയുടെ തീരുമാനമനുസരിച്ച് പ്രതിദിനം തൊണ്ണൂറ് ലക്ഷം ബാരലായാണ് ഉൽപാദനം നടന്നു വരുന്നത്.

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മകളുടെ തീരുമാനമനുസരിച്ച് നടപ്പിലാക്കി വരുന്ന എണ്ണയുൽപാദന നിയന്ത്രണം ഉടൻ നീക്കുമെന്ന സൂചന നൽകി സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യം ക്രൂഡ് ഓയിൽ ഉൽപാദന രംഗത്ത് പൂർവ്വസ്ഥിതിയിലേക്ക മടങ്ങും. 12.3 ദശലക്ഷമെന്ന് ഉയർന്ന ഉൽപാദനക്ഷമത നിലനിർത്തുമെന്ന് മന്ത്രി പറഞ്ഞു. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertising
Advertising

പുനരുപയോഗ ഊർജ്ജ സ്രോതസുകൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതും രാജ്യം ശ്രമം തുടരുകയാണ്. ഗ്രീൻ ഹൈഡ്രജൻ കയറ്റുമതിക്ക് സൗദി തയ്യാറാണെന്നും മന്ത്രി കൂട്ടിചേർത്തു. 2020 മുതൽ സൗദി അറേബ്യ 44 ജിഗാവാട്ട് ഊർജ്ജം പുനരുപയോഗ സ്രോതസിൽ നിന്നും ഉൽപാദിപ്പിച്ച് വരുന്നുണ്ട്. പുനരുപയോഗ ഊർജ്ജ ഉൽപാദനത്തിന് അനുയോജ്യമായ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി വികസിപ്പിച്ചു വരുന്നതായും മന്ത്രി വിശദീകരിച്ചു.

എണ്ണയുൽപാദനത്തിലെ നിയന്ത്രണം ഈ വർഷവസാനത്തോടെ പിൻവലിക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അഗോള എണ്ണ വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിനും വിലസ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഉൽപാദനം നിയന്ത്രണം നടപ്പിലാക്കിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News